12 പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇനി സിഐമാര്‍ക്ക്

പൊന്നാനി: ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളുടെ ചുമതല ഇനി സിഐമാര്‍ക്ക്. 12 സ്‌റ്റേഷനുകളില്‍ സിഐമാര്‍ എസ്എച്ച്ഒമാരായി ചുമതലയേറ്റു. 17 സ്‌റ്റേഷനുകളില്‍ പുതിയ സിഐമാര്‍ ഉടന്‍ ചുമതലയേല്‍ക്കും. ക്രമസമാധാന പാലനം, കുറ്റന്വേഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പരിഷ്‌കരണത്തിന് ജനുവരി ഒന്നുമുതല്‍ തുടക്കമായി. സിഐ ഓഫിസുകള്‍ക്ക് പകരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയമിച്ചുകൊണ്ടാണ് പുതിയ പരിഷ്‌കരണം നടപ്പായത്. കുറ്റാന്വേഷണ ചുമതല സിഐമാരും, ക്രമസമാധാന പാലനം എസ്‌ഐമാരും നടപ്പാക്കും. നേരത്തെ സിഐക്ക് കീഴില്‍ രണ്ടോ അധിലധികമോ സ്‌റ്റേഷനുകളുടെ മേല്‍നോട്ടമുണ്ടായിരുന്നു. ഇതിന് പകരം അതത് സ്‌റ്റേഷന്റെ ചുമതല ഇനി സിഐമാര്‍ വഹിക്കും. ജില്ലയിലെ 29 പോലിസ് സ്‌റ്റേഷനുകളില്‍ 12 സിഐമാരുണ്ട്. ഈ 12 സ്‌റ്റേഷനുകളില്‍ സിഐമാര്‍ എസ്എച്ച്ഒമാരായി ചുമതലയേറ്റു. ബാക്കിയുള്ള പതിനേഴ് സ്‌റ്റേഷനുകളില്‍ ചുമതലയേല്‍ക്കുന്നതുവരെ ഡിവൈഎസ്പിമാര്‍ക്കായിരിക്കും ഈ സ്‌റ്റേഷനുകളുടെ മേല്‍നോട്ട ചുമതല. കൂടാതെ എല്ലാ പോലിസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് ഇനി മുതല്‍ പ്രത്യേക ക്രൈം ഡിവിഷനും രൂപീകരിക്കും. സ്‌റ്റേഷനുകളിലെ ആകെ പോലിസുകാരില്‍ മൂന്നിലൊന്ന് െ്രെകം ഡിവിഷന് കീഴിലാവും പ്രവര്‍ത്തിക്കുക. സിഐക്ക് കീഴില്‍ രണ്ട് എസ്‌ഐമാരായിരിക്കും ഓരോ സ്‌റ്റേഷനിലുമുണ്ടാവുക. നിലവില്‍ സംസ്ഥാനത്ത് 200 ഓളം എസ്‌ഐമാര്‍ പത്ത് വര്‍ഷത്തിലധികം പരിചയ സമ്പന്നരായവരുണ്ട്. ഇവരെ സിഐമാരായി പ്രൊമോഷന്‍ ചെയ്യാനും ധാരണയുണ്ട്. കൂടാതെ ഡിവൈഎസ്പി ഓഫിസുകള്‍ വിഭജിക്കാനും നിര്‍ദേശമുണ്ട്. പുതിയ പരിഷ്‌കാരം യാഥാര്‍ഥ്യമാവുന്നതോടെ പോലിസ് സേന കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top