12 സംസ്ഥാനങ്ങളില്‍ നിന്ന് കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ ലോകായുക്തയെ നിയമിക്കുന്നതു നീട്ടുകൊണ്ടുപോവുന്ന 12 സംസ്ഥാനങ്ങളില്‍ നിന്നു സുപ്രിംകോടതി വിശദീകരണം തേടി. ലോകായുക്തയെ നിയമിക്കാത്തതിന്റെ കാരണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കാനാണു ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്‍ ഭാനുമതി എന്നിവരങ്ങുന്ന ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
തമിഴ്‌നാട്, തെലങ്കാന, ത്രിപുര, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, മണിപ്പൂര്‍, മേഘാലയ, മിസോറം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു സുപ്രിംകോടതി നോട്ടീസയച്ചു. ലോകായുക്ത രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നു ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകന്‍ പ്രശന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണു കോടതി നടപടി. ലോകായുക്ത രൂപീകരിക്കാന്‍ വൈകിയതിന്റെ കാരണം, ഇതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ അറിയിക്കാനാണ്  കോടതിനിര്‍ദേശം നല്‍കിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളും അഴിമതിവിരുദ്ധ ലോകായുക്ത രൂപീകരിക്കണമെന്നാണ് 2013ലെ ലോക്പാല്‍ ലോകായുക്ത നിയമത്തിലെ 63ാം വകുപ്പില്‍ പറയുന്നത്. അതിനാല്‍, ഇനിയും ലോകായുക്ത രൂപീകരിക്കുന്നത് വൈകാന്‍ പാടില്ലെന്നാണു ഹരജിക്കാരുടെ വാദം.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അഴിമതിവിരുദ്ധ സംവിധാനമായ ലോക്പാല്‍ രൂപീകരണം വൈകിക്കുന്നതിനെ ചോദ്യംചെയ്ത് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയും സുപ്രിംകോടതി മുമ്പാകെയുണ്ട്. ഈ ഹരജിയില്‍ ലോക്പാല്‍ രൂപീകരണത്തിനുള്ള നടപടികളെക്കുറിച്ചു വിശദീകരിക്കാന്‍ കോടതി നേരത്തെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it