12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാതൃകാഭവനം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുവേണ്ടി മാതൃകാഭവനം (മോഡല്‍ ഹോം) നിര്‍മിക്കാന്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠനനിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം ആവശ്യമായതിനാലുമാണ് ഇത്തരത്തിലുള്ള കുട്ടികള്‍ക്കു വേണ്ടി മാത്രം മാതൃകാഭവനം ആരംഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നതരത്തിലായിരിക്കും മാതൃകാ ഭവനത്തിന് രൂപം നല്‍കുക. ഇതിനായി 11.40 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന തരത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള കുട്ടിക ള്‍ക്കു വേണ്ടി കോഴിക്കോട് കേന്ദ്രമാക്കി പ്രാഥമികമായി ഒരു മോഡല്‍ ഹോം ആരംഭിക്കുന്നതിനുള്ള ഭരണാനുമതിയാണു നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പാര്‍പ്പിക്കുന്ന സംരക്ഷണകേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം.
കേരളത്തില്‍ ആകെ 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലായി 350 പേര്‍ താമസിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികില്‍സയും നല്‍കി സ്വയംപര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണു ലക്ഷ്യം. എന്നാല്‍, വീടുകള്‍ തന്നെ സുരക്ഷിതമല്ലാത്തതിനാലും കേസിന്റെ വിധിയുടെ കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകുന്നു. അതിനാലാണ് ഇവിടെ താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്.

Next Story

RELATED STORIES

Share it