ernakulam local

12 ദിവസത്തിനുള്ളില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി : വീടുകളില്‍ ശുചീകരണം നാളെ



കൊച്ചി: ജില്ലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വീടുകളില്‍ നാളെ ശുചീകരണദിനം ആചരിക്കും. കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്താണ് വീടും പരിസരവും ശുചീകരിക്കേണ്ടത്.ജനുവരി മുതല്‍ മെയ് വരെ 72 ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 25 കേസുകളും റിപോര്‍ട്ട് ചെയ്തത് മെയ് മാസത്തിലാണെന്ന് ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഇക്കാലയളവില്‍ 38 എലിപ്പനി, 77 ഹെപ്പറ്റൈറ്റീസ് എ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇടവിട്ട് മഴ തുടങ്ങിയതോടെ പനിബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ചെയ്തിട്ടുണ്ട്. എങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ കൈകൊള്ളണം. അതിനായുള്ള കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ മാര്‍ഗം ശുചീകരണമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീടുകള്‍ കയറി ബോധവല്‍കരണം നടത്തുന്നുണ്ട്.വീട്ടിലും പരിസരത്തും മഴവെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന പാഴ്‌ചെടികളില്‍ കൊതുകുകള്‍ വിശ്രമിക്കാന്‍ ഇടയുള്ളതിനാല്‍ അവയും നീക്കം ചെയ്യണം. കുളങ്ങള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ പായലുകളും നീക്കം ചെയ്യണം. കിണറുകളിലും ജലസ്രോതസുകളിലും കൊതുകിന്റെ കൂത്താടികളെ തിന്നു നശിപ്പിക്കുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തണം.കിണറുകളുടെ ശുചീകരണവും നടത്തണം. ഇതിനായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. കിണറിലെ വെള്ളത്തിനനുസരിച്ച് 1000 ലിറ്റര്‍ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന തോതില്‍ ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഒരു കപ്പില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ്‌രൂപത്തിലാക്കി അര ബക്കറ്റ് വെള്ളത്തില്‍ നേര്‍പ്പിക്കുക. 10 മിനിറ്റിന് ശേഷം തെളിനീര് ഊറ്റി തൊട്ടിയിലാക്കി കിണറ്റില്‍ ഇറക്കി നല്ല രീതിയില്‍ ഇളക്കുക. 2 മണിക്കൂറിന് ശേഷം വെള്ളം കുടിക്കുവാന്‍ ഉപയോഗിക്കാം. ബ്ലീച്ചിംഗ് പൗഡര്‍ സൗജന്യമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നോ ആശാ പ്രവര്‍ത്തകരില്‍ നിന്നോ ലഭിക്കും. സംശയനിവാരണത്തിനായി (ഐഡിയ, ബിഎസ്എന്‍എല്‍, റിലയന്‍സ് എന്നീ നെറ്റ് വര്‍ക്കുകളില്‍ നിന്ന് 1056 എന്ന നമ്പറിലേക്കും മറ്റു നെറ്റ് വര്‍ക്കുകളില്‍ നിന്നു 04712552056 എന്ന നമ്പറിലേക്കും വിളിക്കാം.
Next Story

RELATED STORIES

Share it