12 ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍ ഒരു പോലെ വരുന്ന വിധത്തില്‍ നിയമവിരുദ്ധമായി സെറ്റ് ചെയ്ത് വില്‍പന നടത്തിയ 12 ഏജന്‍സികളെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ പ്രമുഖ ലോട്ടറി ഏജന്‍സികളില്‍ ഒന്നായ കോട്ടയത്തെ മീനാക്ഷി ലോട്ടറീസും ഇതില്‍ ഉള്‍പ്പെടും.
ഇത്തരത്തില്‍ നാലക്കങ്ങള്‍ സമാനമായി വരുന്ന ലോട്ടറികള്‍ ഭാഗ്യക്കുറി ഓഫിസില്‍ നിന്ന് വാങ്ങി മീനാക്ഷി ലോട്ടറീസിന് കൈമാറിയ ഗീജ ജെ, അനുദാസ് എസ്, രാജേഷ്, മുരുകേഷ് തേവര്‍, ബാലന്‍ കെ, എ കാജാ ഹുസയ്ന്‍, ആര്‍ വി വിജീഷ്, റസാക്ക്, പി മുരളി, സുരേഷ്ബാബു കെ ജെ, അനീഷ് പൗലോസ് എന്നീ ഏജന്റുമാരെയും സസ്‌പെന്‍ഡ് ചെയ്തു. കേരള ലോട്ടറീസ് (റഗുലേഷന്‍) ഭേദഗതി നിയമം 2011, ചട്ടം 5 (5) പ്രകാരമാണ് നടപടി. ലോട്ടറിയില്‍ സീല്‍ പതിപ്പിക്കാതെയാണ് ഈ ഏജന്‍സികള്‍ വില്‍പന നടത്തിയതെന്നും ലോട്ടറി വകുപ്പ് കണ്ടെത്തി. അവസാന നാലക്കങ്ങള്‍ വച്ചുള്ള ചൂതാട്ടമാണ് ഈ ഏജന്‍സികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അവസാന നാലക്കത്തിനു ലഭിക്കുന്ന സമ്മാനം ചെറുതാണെങ്കിലും പല സീരിസിലുള്ള ലോട്ടറികള്‍ ഒരു കെട്ടാക്കി വില്‍ക്കുമ്പോള്‍ ഒരു നമ്പറിന് അടിക്കുന്ന സമ്മാനം ആ കെട്ടിലുള്ള എല്ലാ ലോട്ടറിക്കും കിട്ടും. ഇങ്ങനെ ലോട്ടറി വില്‍ക്കുന്നതു ചൂതാട്ടമാണെന്നും ഭാഗ്യക്കുറിയുടെ സ്വീകാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുമെന്നും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളായി സെറ്റ് ലോട്ടറിയുടെ വില്‍പന നടക്കുന്നതായുള്ള റിപോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ശക്തമായ നടപടിയുണ്ടാവുമെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി ഡയറക്ടര്‍ അറിയിച്ചു. പരാതിയുള്ള ഏജന്റുമാര്‍ക്ക് 30 ദിവസത്തിനകം നികുതി വകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം.

Next Story

RELATED STORIES

Share it