12ാം ക്ലാസ് ഫലം അനിശ്ചിതത്വത്തില്‍ന്യൂഡല്‍ഹി: മോഡറേഷന്‍ സംവിധാനം തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഎസ്ഇ നടത്തിയ 12ാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തില്‍. മോഡറേഷന്‍ ഇത്തവണ നല്‍കാനാവില്ലെന്നും ഫലപ്രഖ്യാപനത്തിന് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നോ നാളെയോ ഹരജി നല്‍കുമെന്നാണ് സൂചന.  ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും നിയമപ്രശ്‌നങ്ങള്‍മൂലം ഫലപ്രഖ്യാപനം വൈകിപ്പിക്കുകയാണെന്നാണു സൂചന.  ഈ വര്‍ഷം മുതല്‍ മോഡറേഷന്‍ ഉണ്ടാവില്ലെന്ന് സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ മോഡറേഷന്‍ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ സാഹചര്യത്തില്‍ മോഡറേഷന്‍ പിന്‍വലിച്ചത് അനീതിയാണെന്നും ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ സമര്‍പിച്ച ഹരജിയിലാണ് മോഡറേഷന്‍ തുടരണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടത്. വിധിയുടെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ മേധാവി ആര്‍ കെ ചതുര്‍വേദി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമയത്തുതന്നെ ഫലം പ്രഖ്യാപിക്കുമെന്നും മാനവവിഭവശേഷി മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സിബിഎസ്ഇയുടെ പത്താംക്ലാസ് ഫലവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നശേഷമാണ് സാധാരണനിലയില്‍ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കാറുള്ളത്. അടുത്തമാസം രണ്ടിനു മുമ്പായി പത്തിലെ ഫലം പ്രഖ്യാപിച്ചേക്കും.

RELATED STORIES

Share it
Top