11,300 കോടിയുടെ തട്ടിപ്പ്: പിഎന്‍ബി ജനറല്‍ മാനേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു വജ്രവ്യാപാരി നീരവ് മോദി 11,300 കോടി രൂപ തട്ടിയ കേസില്‍ പിഎന്‍ബി ജനറല്‍ മാനേജര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ പിഎന്‍ബി ആസ്ഥാനത്തെ ജനറല്‍ മാനേജര്‍ തസ്തികയിലുള്ള രാജേഷ് ജിന്‍ഡാലിനെയാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. 2009-11 കാലയളവില്‍ പിഎന്‍ബി മുംബൈ ബ്രാഞ്ച് മാനേജറായിരുന്നു രാജേഷ് ജിന്‍ഡാല്‍.
അംഗീകൃത പരിധിയിലപ്പുറം മറ്റ് ബാങ്കുകളില്‍ നിന്നു വായ്പയെടുക്കുന്നതിന് ആവശ്യമായ ജാമ്യപത്രങ്ങള്‍ നീരവ് മോദി ഗ്രൂപ്പിനു നല്‍കിത്തുടങ്ങിയത് ജിന്‍ഡാലിന്റെ കാലത്താണെന്നാണ് ആരോപണം. നിലവില്‍ പിഎന്‍ബി ആസ്ഥാനത്തെ വായ്പാ വിഭാഗം ജനറല്‍ മാനേജറാണ് ജിന്‍ഡാല്‍.
അതേസമയം, പിഎന്‍ബി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ബിഐ വിദഗ്ധ സമിതിയെ നിയോഗിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ബോര്‍ഡ് അംഗം വൈ എച്ച് മമെല്‍ഗം അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ബാങ്ക് മേഖലയില്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതു തടയാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കമ്മിറ്റി പരിഗണിക്കും.

RELATED STORIES

Share it
Top