110 കുട്ടികളെ കാണാനില്ലെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബൂജ: കഴിഞ്ഞ ആഴ്ച യൂബി സംസ്ഥാനത്ത് ബോക്കോ ഹറാം സായുധസംഘം ആക്രമണം നടത്തിയെന്നു കരുതുന്ന സ്‌കൂളില്‍ നിന്നു 110 വിദ്യാര്‍ഥിനികളെ കാണാതായതായി  നൈജീരിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിവര സാങ്കേതിക സാംസ്‌കാരിക മന്ത്രിയെ ഉദ്ധരിച്ച്് നൈജീരിയന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്്.
ഫെബ്രുവരി 19നാണ്് ദാപ്ചി നഗരത്തിലെ സെക്കന്‍ഡറി സ്‌കൂളിനു നേരെ ബോക്കോ ഹറാമിന്റെ ആക്രമണമുണ്ടായത്.  ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 906 കുട്ടികളുണ്ടായിരുന്നു എന്നാണ് വിവരം.
സംഭവത്തിനു ശേഷം യൂബിയിലെ എല്ലാ സ്്കൂളുകള്‍ക്കും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
വൈകീട്ട് സ്‌കൂളിലെത്തിയ സംഘം വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികളെ സൈനിക ട്രക്കുകള്‍ പോലുള്ള വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
ഇതിനിടെ കാണാതായവരില്‍ 76 കുട്ടികളെ രക്ഷപ്പെടുത്തിയതായി സൈന്യം  കഴിഞ്ഞ 22ന് അറിയിച്ചിരുന്നു. എന്നാല്‍, 24 മണിക്കൂറിനകം തന്നെ സര്‍ക്കാര്‍ അത് തിരുത്തി. തെറ്റായ വിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു ഇതെന്നാണ് സര്‍ക്കാര്‍ വാദം.
രണ്ടു കുട്ടികള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിനു തെളിവുകളില്ലെന്നായിരുന്നു സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നത്.  ആദ്യമായാണ് കുട്ടികളെ കാണാതായ വിവരം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്്.  2014 ഏപ്രിലില്‍ ചിബൂക് നഗരത്തിലെ സ്‌കൂളില്‍ നിന്ന് 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം സായുധസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ മുന്നിലൊന്ന് കുട്ടികളെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളു. ചിബൂക് പെണ്‍കുട്ടികള്‍ ഇപ്പോഴും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ കഴിഞ്ഞമാസം ബോക്കോ ഹറാം പുറത്തുവിട്ടിരുന്നു.

RELATED STORIES

Share it
Top