11 മുതല്‍ 15 വരെ ജില്ലയില്‍ ധനസമാഹരണം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍നിന്നു കരകയറുന്ന സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 11 മുതല്‍ 15 വരെ ജില്ലയില്‍ ധനസമാഹരണം നടത്തും. പൊതുജനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍നിന്നു കഴിയാവുന്നത്ര ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമാഹരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴിയാവും ഫണ്ട് ശേഖരണം.സംസ്ഥാനത്തെ ഓരോ ആളുകളെയും പങ്കുകാരാക്കി പുതിയ കേരളം സൃഷ്ടിക്കുകയാണു ഫണ്ട് ശേഖരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വമുള്ള പിരിവല്ല, ഓരോ വ്യക്തിക്കും കഴിയാവുന്ന സഹായം എന്നതാണു ഫണ്ട് ശേഖരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശേഖരിക്കുന്ന തുക താലൂക്ക് അടിസ്ഥാനത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.ഫണ്ട് ശേഖരണവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, മേയര്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണു യോഗം. ഇതിനു ശേഷം ഉദ്യോഗസ്ഥതല യോഗവും ചേരും. ഓരോ വകുപ്പുകളും ഫണ്ട് ശേഖരണത്തിനു സ്വീകരിക്കുന്ന പദ്ധതി യോഗത്തില്‍ അവതരിപ്പിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി നിര്‍ദേശിച്ചു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വിആര്‍ വിനോദ്, ജില്ലാ പോലിസ് മേധാവി പി അശോക് കുമാര്‍, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.RELATED STORIES

Share it
Top