Alappuzha local

1,090 കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍

ആലപ്പുഴ: കനത്ത മഴയില്‍ നാട് മുങ്ങിയതോടെ ജില്ലയിലെ നഷ്ടക്കണക്ക് ദിവസം തോറും ഉയരുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ 4.5 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളക്കെട്ടില്‍ വീണ് ഇന്നലെ രണ്ട് പേര്‍ മരിച്ചു. വെള്ളക്കെട്ടിലകപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചതോടെ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിരിക്കുകയാണ് അധികൃതര്‍.
തലവടി പഞ്ചായത്ത് 9ാം വാര്‍ഡില്‍ കറുകപ്പറമ്പില്‍ വര്‍ഗീസ് ഈപ്പന്‍ (71), ചേര്‍ത്തല സ്വദേശി ജോണ്‍സണ്‍(52) എന്നിവരാണ് മരിച്ചത്. നെല്‍കൃഷിയും മറ്റു ധാന്യ വിളകളും നശിച്ച ഇനത്തില്‍ 3.19 കോടിയുടെയും പച്ചക്കറി ഉള്‍പ്പെടെയുള്ള കരകൃഷി നശിച്ച ഇനത്തില്‍ 1.33 കോടിയുടെയും നഷ്ടം കണക്കാക്കുന്നു.
നാണ്യവിളകള്‍ നശിച്ച ഇനത്തില്‍ 25,000 രൂപയുടെയും മരങ്ങള്‍ കടപുഴകിയ ഇനത്തില്‍ 8.65 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.ജില്ലയില്‍ ഇന്നലെ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒമ്പതുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
61 വീടുകള്‍ ഭാഗികമായി തകര്‍ന്ന ഇനത്തില്‍ 13.23 ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു. വിവിധ താലൂക്കുകളിലായി ആരംഭിച്ച 194 ദുരിതാശ്വാസ ക്യാംപുകളിലായി 11,090 കുടുംബങ്ങളില്‍ നിന്നുള്ള 43,678 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്ന 375 കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളില്‍ 22120 കുടുംബങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു വരുന്നതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it