10,000 കോടി ഡോളര്‍ നിക്ഷേപലക്ഷ്യം

ന്യൂഡല്‍ഹി: ആശയവിനിമയരംഗത്ത് 2022ഓടെ 10,000 കോടി ഡോളറിന്റെ നിക്ഷേപം സമാഹരിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ ടെലികോം നയത്തിനു ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ടെലികോം മേഖലയ്ക്ക് 2022ഓടെ ആഗോള നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കണമെന്നാണ് ട്രായ് ശുപാര്‍ശ ചെയ്യുന്നത്. 2018ലെ ദേശീയ ടെലികോം നയത്തില്‍ ടെലികോം മേഖലയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. സെക്കന്‍ഡില്‍ രണ്ടു മെഗാബൈറ്റ് ഡൗണ്‍ലോഡ് വേഗതയോടെ 90 കോടി ജനങ്ങളിലേക്ക് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലക്ഷ്യമാക്കണമെന്നും 2022ഓടെ സെക്കന്‍ഡില്‍ ചുരുങ്ങിയത് ഒരു ജിഗാബൈറ്റ് (ജിബി) ശേഷിയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ലഭ്യമാക്കണമെന്നുമാണ് ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2018 അവസാനത്തോടെ ടെലികോം മേഖലയിലെ പരാതി പരിഹാരത്തിനായി ഓംബുഡ്‌സ്മാന്‍ മാതൃകയില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നുണ്ട്. ട്രായിയുടെ ഏറെ കാലമായുള്ള ആവശ്യമാണ് പ്രശ്‌നപരിഹാരത്തിന് ഓംബുഡ്‌സ്മാന്‍ എന്നത്. ടെലികോം സേവനദാതാക്കള്‍ക്ക് പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന സംവിധാനമാണ് ട്രായ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ടെലികോം മേഖല അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂനിയന്‍ പുറത്തുവിടുന്ന ഐസിടി ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സിലെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിലിടം നേടണമെന്നുമാണ് ട്രായ് ലക്ഷ്യമിടുന്നത്. സാറ്റലൈറ്റ് മുഖാന്തരം ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും കുറഞ്ഞ ചെലവില്‍ വയര്‍ലസ് ബ്രോഡ്ബാന്‍ഡ് സേവനം, 65 ശതമാനം പേരെ സജീവ മൊബൈല്‍ ഉപയോക്താക്കളാക്കുക, 2020ഓടെ 6000 കോടി ഡോളറിന്റെ നിക്ഷേപം, 2022ഓടെ അത് 10,000 കോടി ഡോളറായി ഉയര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ട്രായ് നല്‍കിയിരിക്കുന്നത്.2018ലെ ദേശീയ ടെലികോം നയരൂപീകരണത്തിന് 2017 ആഗസ്ത് 21നാണ് ട്രായിയോട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. അടുത്ത മാസം അവസാനത്തോടെ 2018ലെ ദേശീയ ടെലികോം നയത്തിന് അന്തിമ രൂപം നല്‍കും. ഏഴു വിശാലമായ ദൗത്യങ്ങളും 18 ലക്ഷ്യങ്ങളുമാണ് 2018ലെ ദേശീയ ടെലികോം നയത്തിനു കീഴില്‍ ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ 1997ലെ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1997 ഫെബ്രുവരി 20നാണ് ട്രായ് നിലവില്‍ വന്നത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുക നിജപ്പെടുത്താനും, ടെലികോം കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും  അധികാരമുള്ള സ്വതന്ത്ര സമിതിയാണ് ട്രായ്.
Next Story

RELATED STORIES

Share it