100 വര്‍ഷത്തിലേറെ പഴക്കം: വണ്ണാമെ ഭഗവതി ഹൈസ്‌കൂള്‍ അപകടാവസ്ഥയില്‍; അധ്യയനം നിര്‍ത്തിവയ്ക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി

ചിറ്റൂര്‍: നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള വണ്ണാമെ സര്‍ക്കാര്‍ ഭഗവതി സ്‌ക്കൂളിലെ യുപി വിഭാഗത്തില്‍ കാലപഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടങ്ങളില്‍ അധ്യായനം നിര്‍ത്തിവയ്ക്കാന്‍ താഹ്‌സിസില്‍ദാര്‍  നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കൈമാറി.
സ്‌കൂളിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളിലാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതിനു ശേഷം നിര്‍മ്മിച്ച കെട്ടിടങ്ങളാണ് തകര്‍ച്ചയിലായിരിക്കുന്നത്. യു പി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രധാന കവാടത്തിലുള്ള കെട്ടിടത്തില്‍ യാതൊരു പ്രവര്‍ത്തനവും നടത്തരുതെന്നു ചിറ്റൂര്‍ താഹ്‌സില്‍ദാര്‍ വി കെ രമ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഇവിടെ തമിഴ് -മലയാളം ഉള്‍പ്പെടെ യു പി വിഭാഗത്തില്‍ 14 ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഓഫിസ്, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ്, സ്‌റ്റോര്‍ ഉള്‍പ്പെടെയാണ് പ്രവര്‍ത്തിച്ചു വരുന്നത് .ഇതില്‍ ആറ് ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം, ഓഫിസ്, കംപ്യൂട്ടര്‍ ലാബ് എന്നിവ ഉടനെ തെട്ടപ്പുറത്തുള്ള ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാഫ് മീറ്റിങ്ങില്‍ ധാരണയായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പോവുന്നതും വരുന്നതും ഈ ബലക്ഷയം സംഭവിച്ച കെട്ടിടത്തിനുള്ളിലുടെയായതിനാല്‍ ആശങ്ക വിട്ടുമാറിയിട്ടുമില്ല.
അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടി കൈകൊള്ളണമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി   2002 ല്‍ ഡിപിഇപി ഫണ്ട് അഞ്ചു ലക്ഷം രൂപ  ഉപയോഗപ്പെടുത്തി പിടിഎ നാല് ക്ലാസ്സ് മുറി കെട്ടിടം നിര്‍മിച്ചെങ്കിലും എട്ട് വര്‍ഷം മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞത്.
ബലക്ഷയം മൂലം കെട്ടിടം ഉപയോഗിക്കാറില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും സ്ഥിതി മറിച്ചല്ല. നിര്‍മാണത്തിലെ അപാകതമൂലം അപകടാവസ്ഥയുള്ള ഒരു ബ്ലോക്ക്  ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇതേ സ്‌ക്കൂളിലാണു കഴിഞ്ഞ ഒന്‍പത് വര്‍ഷം മുന്‍പ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണത്. നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ഇവിടെ ആയിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. മികവുറ്റ വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും  കെട്ടിടങ്ങളുടെ കാലപഴക്കമൂലമുള്ള അപകട സാധ്യതയാണ് അലട്ടുന്ന പ്രധാന പ്രശ്‌നം. 1917 പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ 1924 യു പി യും 1984 ഹൈസ്‌ക്കുളും അനുവദിച്ച സ്‌ക്കൂളില്‍ 2014ല്‍ ഹയര്‍ സെക്കന്‍ഡറിയും  അനുവദിച്ചു. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തിലെ പിന്നാക്കം നില്‍ക്കുന്ന തമിഴ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഏറെയുള്ള  സ്‌കൂളില്‍ 2017-18 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയിരുന്നു.

RELATED STORIES

Share it
Top