100 യുവതീയുവാക്കള്‍ വിവാഹിതരായി

മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനാലാമത് സ്ത്രീധനരഹിത വിവാഹസംഗമം ഓര്‍ഫനേജ് അങ്കണത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംഒ വിവാഹസംഗമം മതമൈത്രിയുടെ മഹനീയ മാതൃകയാണെന്നും കാലിക പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 100 യുവതീയുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യുഎംഒ വിവാഹസംഗമങ്ങളിലൂടെ 1,806 പേര്‍ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു.
ഡബ്ല്യുഎംഒ ജിദ്ദ ഹോസ്റ്റലില്‍ അഞ്ച് ഹൈന്ദവ സഹോദരിമാര്‍ കതിര്‍മണ്ഡപത്തിലെത്തി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു. ഇത്തരം വേദികള്‍ ഏറെ പ്രസക്തമാണെന്നും പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് ആരംഭിച്ചുവെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, സി കെ ശശീന്ദ്രന്‍ എംഎല്‍എ, സ്വാമിനി പ്രേം വൈശാലി, എന്‍ ഡി അപ്പച്ചന്‍, കുമാരന്‍, ടി സി ഗോപിനാഥ്, ഇബ്രാഹീം എളേറ്റില്‍, ഡോ. കെ ടി അഷ്‌റഫ്, ഡോ. ടി എ അബ്ദുല്‍ മജീദ് സംസാരിച്ചു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, കെ എല്‍ പൗലോസ്, ഡോ. യു സൈതലവി പങ്കെടുത്തു. ഈശ്വരന്‍ നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യുഎംഒയിലെ വിജിഷക്ക് മുള്ളന്‍കൊല്ലി സ്വദേശി വിജീഷാണ് താലി ചാര്‍ത്തിയത്. പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാര്‍മികത്വവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡബ്ല്യുഎംഒ പ്രസിഡന്റ് കെ കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. പി കെ കുഞ്ഞാലിക്കുട്ടി എംപി, എം ഐ ഷാനവാസ് എംപി, മജീദ് മണിയോടന്‍, ഖാദര്‍ ചെങ്കള സംസാരിച്ചു. റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബ നിര്‍വഹിച്ചു. ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍ ഖിറാഅത്ത് നടത്തി. എംബിബിഎസ് ബിരുദം നേടിയ ഡബ്ല്യുഎംഒ വിദ്യാര്‍ഥി അസ്ഹര്‍ മീനങ്ങാടിക്ക് സൗദി ഖമീസ് മുഷെയ്ത്ത് ചാപ്റ്ററിന്റെ ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.
ഡബ്ല്യുഎംഒയുടെ സംരക്ഷണത്തിലുള്ള 10 പേര്‍ സംഗമത്തില്‍ വിവാഹിതരായി. ഇവരില്‍ ഫാത്തിമ നിസാറ തോല്‍പ്പെട്ടി-ഷംസുദ്ദീന്‍ കാട്ടിക്കുളം ദമ്പതികളുടെ വിവാഹത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മറ്റ് നിക്കാഹുകള്‍ക്ക് കെ ടി ഹംസ മുസ്‌ല്യാര്‍, കെ പി അഹ്മദ് കുട്ടി ഫൈസി, എസ് മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാര്‍ നേതൃത്വം നല്‍കി. വനിതകള്‍ക്കു വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. നൂര്‍ബിന റഷീദ് നിര്‍വഹിച്ചു. ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിച്ചു.
7000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യുഎംഒ സ്ത്രീധനരഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. വധൂവരന്മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സലിങ് നല്‍കിയിരുന്നു. വധുവിന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും സദ്യയും നല്‍കി. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഉദാരമതികളാണ് ചെലവുകള്‍ വഹിച്ചത്. ദഫും ഒപ്പനയും അറബനയും മധുര ഗീതങ്ങളുമൊക്കെയായി ഡബ്ല്യുഎംഒയിലെ വിദ്യാര്‍ഥികള്‍ സജീവമായി.

RELATED STORIES

Share it
Top