100 മിനുട്ടില്‍ നൂറല്ല, 124 പേര്‍; ചാള്‍സന്റെ നീന്തല്‍ പഠനം ഇനി ലോക റെക്കോഡ്

പയ്യന്നൂര്‍: നൂറിനു പകരം 124 പേരെ വെറും 100 മിനുട്ടിനുള്ളില്‍ നീന്തല്‍ പഠിപ്പിച്ച് ചാള്‍സണ്‍ ലോക റെക്കോര്‍ഡ് നേടി. ഏഴിമല സ്വദേശിയും കേരള ടൂറിസം ലൈഫ് ഗാര്‍ഡും കായല്‍,പുഴ, കടല്‍ നീന്തലിലൂടെ ലോക റെക്കോഡ് ജേതാവുമായ ചാള്‍സണാണ് നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി കവ്വായി കായലിന്റെ ഓളപ്പരപ്പില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.
രാമന്തളി ഏറന്‍ പുഴയോരത്ത് നടന്ന സമാപന യോഗത്തില്‍ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഒഫിഷ്യല്‍ ജൂറി യാസര്‍ അറാഫത്ത്, കാര്‍ട്ടൂണിസ്റ്റ് എം ദിലീപ്് എന്നിവരാണ് റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. യാതൊരുവിധ ഉപകരണങ്ങളും ശരീര സ്പര്‍ശനവുമില്ലാതെ 100 മിനിട്ടിനുള്ളില്‍ ഏറ്റവും കൂടുതലാളുകളെ നീന്തല്‍ പഠിപ്പിച്ചതിനുള്ള അത്യപൂര്‍വ ബഹുമതിയാണ് ചാള്‍സണ് ലഭിച്ചിരിക്കുന്നതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സമാപന യോഗം ഉദ്ഘാടനം ചെയ്ത് പുതിയ റെക്കോര്‍ഡ് ചാള്‍സന് സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോഡ് ജേതാക്കളായ അഭീഷ് പി ഡൊമിനിക്ക്, ഇന്ത്യന്‍ ബ്രൂസ്‌ലി എന്നറിയപ്പെടുന്ന കെ ജെ ജോസഫ് എന്നിവരുടെ മാസ്മരിക പ്രകടനങ്ങളും അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ഒ കെ ശശി, ചാള്‍സണ്‍ ഏഴിമല സംസാരിച്ചു.
ഒമ്പത് ഗിന്നസ് റെക്കോഡ് ജേതാക്കളും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്നാണ് പരിപാടി ഫഌഗ് ഓഫ് ചെയ്തത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്, യുആര്‍എഫ് വേള്‍ഡ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നീ റെക്കോര്‍ഡുകള്‍ ലക്ഷ്യംവച്ചുള്ള നീന്തല്‍ പരിശീലനത്തിന് 100 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പരിശീലനത്തിനെത്തിയത് 124 പേരായിരുന്നു. നൂറാം മിനിട്ടില്‍ പരിശീലനം അവസാനിച്ചപ്പോള്‍ നീന്തല്‍ പഠിക്കാനെത്തിയവര്‍ ചാള്‍സനെ എടുത്തുയര്‍ത്തിയാണ് കരയിലേക്കെത്തിച്ചത്.

RELATED STORIES

Share it
Top