100 കോടി ചെലവ് വരുമെന്ന് പ്രാഥമിക നിഗമനം

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലേക്കുള്ള പാലത്തിന് ചെലവ് 100 കോടി രൂപ വേണമെന്ന്  പ്രാഥമിക നിഗമനം.എ എം ആരിഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘം ഇന്നലെ പെരുമ്പളത്ത് എത്തിയാണ് അടങ്കല്‍ തയാറാക്കലിനു തുടക്കമിട്ടത്.
കേബിള്‍ സ്‌റ്റേയ്ഡ് ബ്രിഡ്ജ് എന്ന മാതൃകയില്‍ പാലം നിര്‍മിക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്. മറ്റു പാലങ്ങളില്‍ നിന്നും വ്യത്യസ്ഥവും മനോഹരവുമായ മാതൃകയാണിത്.1140 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉള്‍പ്പെടെ 11.06 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുക. അരൂക്കുറ്റി പഞ്ചായത്തിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം പഞ്ചായത്തിലെ പെരുമ്പളം നോര്‍ത്ത് ബോട്ട്‌ജെട്ടി വരെയുള്ള കായല്‍ ദൂരത്തിലാണ് പാലം നിര്‍മിക്കുക.
ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളും പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.കേരള ഇന്‍ഫ്രാസ്‌ടെക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിലാണ് (കിഫ്ബി) പാലം നിര്‍മിക്കുക. മൂന്നാഴ്ചയ്ക്കുള്ളില്‍ അടങ്കല്‍ തയാറാക്കല്‍ പൂര്‍ത്തിയാക്കും.
പിന്നീട് വിശദ പദ്ധതി രേഖയും തയാറാക്കി കിഫ്ബിയ്ക്കു സമര്‍പ്പിക്കാനാണ് തീരുമാനം. കിഫ്ബി ബോര്‍ഡ് ഇത് ചര്‍ച്ച ചെയ്തു നിര്‍മാണ അനുമതി നല്‍കണം. സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ പാലം നിര്‍മാണത്തിന് അനുവദിച്ചിരുന്നു. മണ്ണ് പരിശോധന ഉള്‍പ്പെടെ മറ്റ് നടപടികളും ഇതിനോടകം പൂര്‍ത്തിയായി.
എഎം ആരിഫ് എംഎല്‍എ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ റിജോ തോമസ് മാത്യു, അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.എസ്. സച്ചിന്‍, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, വൈസ് പ്രസിഡന്റ് പി ജി. മുരളീധരന്‍, അംഗം പി കെ കൊച്ചപ്പന്‍, അരൂക്കുറ്റി പഞ്ചായത്ത് അംഗം ബി വിനോദ് ര്‍ അടങ്കല്‍ തയാറാക്കല്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top