thrissur local

100 കോടി ക്ലബ്ബിലേക്ക് ഇന്ത്യന്‍ സിനിമയെത്തിയതാണ് ജീവിതത്തിലെ മോശം ദിനം: റസൂല്‍ പൂക്കുട്ടി

തൃശൂര്‍: നൂറുകോടി ക്ലബിലേക്ക് ഇന്ത്യന്‍ സിനിമയെത്തി എന്ന പരസ്യം വന്ന ദിവസമാണ് ജീവിതത്തിലെ ഏറ്റവും മോശം ദിനമായി കാണുന്നതെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പ്രസ്‌ക്ലബിന്റെ മീറ്റ്ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെന്ന സംവിധാനത്തിനകത്ത് സാമ്പത്തികം ഒരു ഘടകമാണെങ്കിലും ഒരു കലാരൂപമെന്ന നിലയില്‍ സാമ്പത്തികമായി ഇതിനെ അളക്കുന്നതിനോട് യോജിക്കുവാന്‍ സാധിക്കുകയില്ല. തൃശൂര്‍ പൂരത്തിന്റെ ശബ്ദവിന്യാസം നേരിട്ട് അനുഭവിച്ച് പകര്‍ത്തിയെടുത്ത് ലോകത്തിനു സമര്‍പ്പിക്കുകയെന്നതാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. എട്ടാമത്തെ ലോകാത്ഭുതമായ തൃശൂര്‍ പൂരം ലോകത്തിനു നല്‍കുന്നത് ശബ്ദപൈതൃകം കൂടിയാണ്. ഒരാളിലോ ആള്‍ക്കൂട്ടത്തിലോ അത് ഒതുങ്ങിനില്‍ക്കുന്നതല്ല.
എ ആര്‍ റഹ്മാനെ പൂരത്തിന്റെ ഭാഗങ്ങള്‍ കാണിച്ചപ്പോള്‍ സെനഗലില്‍ ഇത് പോലുള്ള സൂഫി സംഗീതമുണ്ടെന്നും ലോകത്ത് ഇത്തരത്തില്‍ നിലനില്‍ക്കുന്ന പൈതൃക സംഗീതങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണെന്നും കൂടുതല്‍ ബോധ്യപ്പെട്ടു.
തൃശൂര്‍ പൂരത്തെ ഓരോ നഗരത്തിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ കിലോമീറ്ററോളം ദൂരം താണ്ടി തിയേറ്ററില്‍പ്പോയി കണ്ട ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അഭിരുചിക്കും മാറ്റം വന്നു. യുവത്വമാണ് സിനിമയെ ഏറ്റെടുക്കുന്നതെന്നതിനാല്‍ അവര്‍ക്ക് വേണ്ടി സമകാലീന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി സിനിമയെന്ന കലയെ വികസിപ്പിക്കേണ്ടതുണ്ട്. ശബ്്ദ വിന്യാസവും അതിന്റെ ഭാഗമായിതന്നെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദസൗണ്ട് സ്റ്റോറി സിനിമ നിര്‍മാതാവ് രാജീവ് പനക്കല്‍, സംവിധായകന്‍ പ്രസാദ് പ്രഭാകര്‍ എന്നിവരും പങ്കെടുത്തു. പ്ലസ്‌ക്ലബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി  വിനീത, ബിനോയ് ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it