100ഓളം കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: നൂറോളം കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പള പോലിസ് അറസ്റ്റു ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നൂറോളം കേസുകളില്‍ പ്രതിയായ ഇരിട്ടി കിളിയന്തറ കുരുതിക്കാട്ടില്‍ ഹൗസില്‍ കെ ജി സജു (37)വാണ് അറസ്റ്റിലായത്. കുമ്പള ടൗണിലെ സൈനുദ്ദീന്റെ കടയില്‍ നിന്നും 30,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് സൈനുദ്ദീന്റെ കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം കവര്‍ന്നത്. സൈനുദ്ദീന്‍ സാധനമെടുക്കുന്നതിനായി അകത്തേക്ക് പോയപ്പോള്‍ മേശവലിപ്പില്‍ നിന്നും നോട്ട് വാരിയെടുത്ത് മടിയിലിട്ട് കടന്നു കളയുകയായിരുന്നു.
കടയിലെ സിസിടിവിയില്‍ യുവാവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇയാള്‍ക്കു വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചത്. കാഞ്ഞങ്ങാട് വച്ച് പിടിയിലായ സജുവിനെ കുമ്പളയിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ടു കേസുകള്‍കൂടി തെളിഞ്ഞിട്ടുണ്ട്.
ചെര്‍ക്കളയിലെ കടയില്‍ നിന്നും ഒരു മൊബൈലും പൊയിനാച്ചിയിലെ കടയില്‍ നിന്നും ലാപ്‌ടോപും കവര്‍ച്ച ചെയ്ത കേസുകളാണ് തെളിഞ്ഞത്.
മൊബൈല്‍ കടകളിലാണ് പ്രധാനമായും സജു കവര്‍ച്ചയ്‌ക്കെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോലിസ് സ്‌റ്റേഷനിലും സജുവിനെതിരെ കേസ് നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.
കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ചന്തേര പോലിസ് സ്‌റ്റേഷനുകളിലും സജുവിനെതിരെ കേസുണ്ടെന്ന് കുമ്പള പോലിസ് പറഞ്ഞു. കുമ്പളയിലെ ഒരു കടയില്‍ വില്‍പന നടത്തിയ മൊബൈല്‍ ഫോണും 4000 രൂപയും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച മൊബൈലും ടാബും വിലക്ക് വാങ്ങിയ കുമ്പളയിലെ വ്യാപാരിയേയും പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top