palakkad local

10.2 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: സ്റ്റേഡിയം ബസ്റ്റാന്റിലും വാളയാര്‍ ചെക്‌പോസ്റ്റിലും നടത്തിയ പരിശോധനയില്‍ 10.200കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസും എക്‌സൈസും പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് പാലക്കാട് വഴി കോഴിക്കോട്ടേക്ക് ബസ് മാര്‍ഗം കടത്തുകയായിരുന്ന 6.200 കിലോ കഞ്ചാവുമായി കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി കോയട്ടി (45)യെ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റില്‍ വച്ച് ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍ രഞ്ജിത്തും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലിസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 3ലക്ഷത്തോളം വില വരുമെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട്ടിലെ സെമ്പട്ടിയില്‍ നിന്നും ബസില്‍ കോയമ്പത്തൂര്‍ വഴിയാണ് പാലക്കാടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് ബസ് കയറുന്നതിനിടെയാണ് പോലിസിന്റെ പരിശോധനയില്‍ കുടുങ്ങിയത്.
തമിഴ്‌നാട്ടില്‍ നിന്ന് 8000 രൂപക്ക് വാങ്ങിക്കുന്ന ഒരുകിലോ കഞ്ചാവ് 50,000 രൂപക്കാണ് ചില്ലറ വിപണിയില്‍ വിറ്റഴിക്കുന്നത്. കോഴിക്കോട്ടെത്തിച്ച് ചില്ലറക്കച്ചവടക്കാര്‍ക്ക് 100ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വില്‍പന നടത്തുകയാണ് പതിവ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.
ആന്ധ്രയില്‍ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ സ്‌റ്റോക്കു ചെയ്ത് വിപന നടത്തി വരുന്നത്. മുഖ്യമായും പഴനി, ദിണ്ടിഗല്‍, ഒട്ടന്‍ ഛത്രം, സെമ്പട്ടി, കമ്പം, തേനി, ഈറോഡ്, നാമക്കല്‍, സേലം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.
സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായി പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡാണ് റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ ബസ്സില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച തിമഴ്‌നാട് ചിന്നസേലം സ്വദേശി കാമരാജന്റെ (38) ബാഗില്‍ നിന്ന് നിന്ന് 4കിലോ ഉണക്ക കഞ്ചാവും കണ്ടെടുത്തു.ഇറങ്ങി ഓടിയാ കാമരാജിനെ ഓടിച്ചിട്ട് അതിസാഹസികമായാണ് പിടികൂടിയത്.
സേലത്ത് നിന്നും മലപ്പുറത്തെ മറ്റുസംഘങ്ങള്‍ക്ക് കൈമാറുന്നതിനായി കൊണ്ടു വരികയാണെന്ന് എക്‌സൈസിന് മൊഴിനല്‍കി. വന്‍ മാഫിയ സംഘത്തില്‍പ്പെട്ടയാളാണ് കാമരാജ്. ഇയാള്‍ക്ക് കഞ്ചാവ് കൈമാറിയവരെ കുറിച്ചും വിതരണക്കാരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് വാളയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it