10 മുതല്‍ റേഷന്‍ വിതരണം ഇ-പോസ് മെഷീന്‍ വഴി

കണ്ണൂര്‍: റേഷന്‍ വിതരണം സുഗമവും സുതാര്യവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി  ഇ-പോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീന്‍ വഴിയുളള റേഷന്‍ വിതരണം ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും ഈമാസം 10 മുതല്‍ ആരംഭിക്കും. കാര്‍ഡ് അംഗങ്ങളുടെ വിരലടയാളം ആധാറുമായി ബന്ധിപ്പിച്ച് റേഷന്‍ അനുവദിക്കുന്ന പദ്ധതിയാണിത്.
ആദ്യഘട്ടമെന്നോണം കണ്ണൂര്‍ താലൂക്കിലെ 45 കടകളില്‍ ഇ-പോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. ബാക്കി 813 കടകളിലും ഇ-പോസ് മെഷീന്‍ എത്തിച്ച് ജീവനക്കാര്‍ക്കും ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും പരിശീലനം നല്‍കി. കാര്‍ഡിലെ അംഗത്തിന്റെ വിരലടയാളം മെഷീനിലെ റീഡറില്‍ പതിപ്പിച്ച് ആധാര്‍ വിവരങ്ങള്‍ ഒത്തുനോക്കിയാണ് റേഷന്‍ വിതരണം ചെയ്യുക.
ആധാര്‍ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞാല്‍ കാര്‍ഡിന് അര്‍ഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ യന്ത്രത്തിലെ സ്‌ക്രീനില്‍ തെളിയും.
ആവശ്യമായ അളവ് രേഖപ്പെടുത്തി അംഗീകരിക്കുമ്പോള്‍ ബില്ല് പുറത്തേക്ക് വരും.  റേഷന്‍ വിനിമയം സംബന്ധിച്ച് ശബ്ദരൂപത്തില്‍ അറിയിപ്പും ലഭിക്കും. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ വിഹിതം സംബന്ധിച്ച് എസ്എംഎസ് സന്ദേശം ലഭിക്കാനും സംവിധാനമുണ്ട്.
ഇ-പോസ് സംവിധാനം നിലവില്‍ വരുന്നതിനാല്‍ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും 10നകം അവ രണ്ടിന്റെയും പകര്‍പ്പുമായി താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. 16നും 65 വയസ്സിനും ഇടയില്‍ പ്രായമുളള മറ്റ് അംഗങ്ങള്‍ ഉള്‍പ്പെടാത്ത, ഗുരുതര രോഗം ബാധിച്ചവരും ശയ്യാവലംബരുമായ കാര്‍ഡ് ഉടമകള്‍ക്ക് പകരക്കാരന്‍ (പ്രോക്‌സി) മുഖേന റേഷന്‍ കൈപ്പറ്റാം.
ലൈസന്‍സിയുടെ ബന്ധുവല്ലാത്ത, അതേ റേഷന്‍ കടയിലെ മറ്റൊരു കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തെ പ്രോക്‌സിയായി നിര്‍ദേശിക്കാം. ഇതിനായി കാര്‍ഡുടമയുടെ അപേക്ഷയ്‌ക്കൊപ്പം പ്രോക്‌സിയായി നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിക്കണം.
ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലെയും ഇടപാട് വിവരങ്ങള്‍ ഇ-പോസ് വിവരങ്ങള്‍ നെറ്റ്‌വര്‍ക്കിലൂടെ നിരീക്ഷിക്കാന്‍ സിവില്‍ സപ്ലൈ വകുപ്പിന് സാധിക്കും. റേഷന്‍ വിവതരണം സംബന്ധിച്ച ഇടപാടുകള്‍, സ്റ്റോക്ക് വിവരങ്ങള്‍ മുതലായവ പൊതുജനങ്ങള്‍ക്ക്് നിരീക്ഷിക്കാനുളള സംവിധാനവും സിവില്‍ സപ്ലൈസ് വകുപ്പ്് ഒരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top