10 പേര്‍ കസ്റ്റഡിയില്‍; ഹര്‍ത്താല്‍ പൂര്‍ണം

മാഹി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47), ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്തുവീട്ടില്‍ യു സി ഷമേജ് (36) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മാഹി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേരള പോലിസിന്റെ സഹകരണത്തോടെയാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട 10 പേരെ കസ്റ്റഡിയിലെടുത്തു. ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപിക്കാരെ പള്ളൂര്‍ പോലിസും ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ ന്യൂമാഹി പോലിസുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
അതിനിടെ, ഇരുകൊലകള്‍ക്കു പിന്നിലും രാഷ്ട്രീയം തന്നെയാണെന്നാണ് എഫ്‌ഐആറിലെ സൂചന. ബാബുവിനെ ആക്രമിച്ച സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒ പി രജീഷ്, മസ്താന്‍ രാജേഷ്, കാരിക്കുന്നേല്‍ സുനി, മഗ്‌നീഷ് എന്നിവരുടെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് ബാബുവിനെ വീട്ടിലേക്ക് കയറുന്നത് തടഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റു നാലുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലയാണെന്നും കഴുത്തിനും വയറിനും കൃത്യമായി വെട്ടുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഷമേജിനെ വെട്ടിയത് പ്രദേശവാസികളായ ആറംഗ സംഘമാണ്.
ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലും ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുവന്നു. വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വൈകീട്ടോടെ സംസ്‌കരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാഹിയിലും കണ്ണൂരിലും പൂര്‍ണമായിരുന്നു.

RELATED STORIES

Share it
Top