10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: ജില്ലയിലെ പല പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് നരിക്കുനി പാറന്നൂര്‍ സ്വദേശി കൊല്ലരിക്കല്‍ മീത്തല്‍ വിഷ്ണു എന്ന ഉണ്ണി (22) യെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷനിലെ കിഴക്കേ പ്ലാറ്റ്‌ഫോമില്‍ വെച്ച് നടക്കാവ് എസ്‌ഐ എസ് സജീവിന്റെ നേതൃത്വത്തിലുളള പോലീസും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 10 കിലോ 750 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു.
ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ കാളിരാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ വിഷ്ണു എന്ന ഉണ്ണി. ആന്ധ്രപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നും എത്തിച്ച കഞ്ചാവുമായി ഇയാള്‍ വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. വര്‍ഷങ്ങളായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചു വരുന്ന ഇയാള്‍ തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ കുറിച്ചും ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കുന്നവരെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായി നടക്കാവ് സി ഐ അഷ്‌റഫ് ടി കെ അറിയിച്ചു. കഴിഞ്ഞയാഴ്ച 5 കിലോ കഞ്ചാവുമായി 3 പേരും വീര്യം കൂടിയ എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് എന്നീ ലഹരിമരുന്നുമായി വെള്ളിമാടുകുന്ന് സ്വദേശിയായ യുവാവും പോലീസിന്റെ പിടിയിലായിരുന്നു.
നടക്കാവ് എസ്‌ഐ എസ് സജീവിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ നിധീഷ് ടി എം, സീനിയര്‍ സിപിഒ അഷ്‌റഫ്, സിപിഒ ബാബു ടി കെ, ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ് കെ, മുഹമ്മത് ഷാഫി എം, സജി എം, അഖിലേഷ് കെ, ജോമോന്‍ കെ എ, നവീന്‍ എന്‍, സോജി പി, പ്രപിന്‍ കെ, രതീഷ് പി കെ, രജിത്ത് ചന്ദ്രന്‍, ജിനേഷ് എം, സുമേഷ് എ വി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top