1.66 ലക്ഷം രൂപ മണിക്കൂറുകള്‍ക്കകം തിരിച്ചുപിടിച്ചു

കൊച്ചി: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ യുവതിക്കു നഷ്ടമായ 1.66 ലക്ഷം രൂപ മണിക്കൂറുകള്‍ക്കകം സൈബര്‍ പോലിസ് തിരിച്ചുപിടിച്ചു. എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലെ ലോട്ടസ് അപാര്‍ട്ട്‌മെന്റിലെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്. ഇവരുടെ ഫോണിലേക്ക് വിളിച്ച അപരിചിതന് വീട്ടമ്മ തന്റെ മൊബൈലില്‍ വന്ന വണ്‍ടൈം പാസ്‌വേഡ് കൈമാറിയതിനെ തുടര്‍ന്നാണ് പണം നഷ്ടമായത്.
ഫോണ്‍കോള്‍ കട്ടായതിനു പിന്നാലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നു. ഇതേത്തുടര്‍ന്ന് യുവതി ബാങ്കിനെ സമീപിക്കുകയും കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. ഉണര്‍ന്നു പ്രവര്‍ത്തിച്ച സൈബര്‍ സെല്‍, അന്വേഷണത്തില്‍ പണം ട്രാന്‍സ്ഫറായത് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്യാനായി ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലേക്കാണെന്ന് മനസ്സിലാക്കി. ഉടനെ ഓണ്‍ലൈന്‍ സൈറ്റുകളുമായി ബന്ധപ്പെടുകയും ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. പിന്നാലെ യുവതിയുടെ അക്കൗണ്ടില്‍ തുകയും റീഫണ്ടായി ലഭിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്നാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ പരാതി ഉടനെ ലഭിച്ചതിനാലും സൈബര്‍ സെല്ലിന്റെ സമയോചിത ഇടപെടലുമാണ് പണം തിരികെ ലഭിച്ചതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു.

RELATED STORIES

Share it
Top