1.28 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും

കാഞ്ഞിരപ്പള്ളി: വിവിധ പഞ്ചായത്തുകളിലെ സഞ്ചാര യോഗ്യമല്ലാതെ താറുമാറായി കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കാന്‍ 1.28 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളിലെ റോഡുകളാണ് പുനരുദ്ധരിക്കുന്നത്. വിവിധ വകുപ്പുകളുടെ കെട്ടിട നിര്‍മാണത്തിന് 1.41 കോടിയും മണ്ണ് സംരക്ഷണത്തിന് 92 ലക്ഷവും, കുടിവെള്ള പദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കും ഗ്രാമീണ തോടുകളില്‍ തടയണ നിര്‍മിക്കുന്നതിനുമായി 91 ലക്ഷം രൂപയുടെയും പദ്ധതിയുണ്ട്. വിവിധ കോളനികളുടെ അടിസ്ഥാന വികസനത്തിനായി 22 ലക്ഷം രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഉടന്‍ പണികള്‍ തുടങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി എ ഷെമീര്‍, റോസമ്മ അഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ അബ്ദുല്‍ കരീം, വി ടി അയൂബ് ഖാന്‍, അന്നമ്മ ജോസഫ്, മറിയാമ്മ ജോസഫ്, ആശാ ജോയി, സോഫി ജോസഫ്, പ്രകാശ് പള്ളിക്കുടം, സുകേഷ് സുധാകരന്‍, ജെയിംസ് പി സൈമണ്‍, പി ജി വസന്തകുമാരി, അജിതാ രതീഷ് സംസാരിച്ചു.

RELATED STORIES

Share it
Top