ശേഷിക്കുന്നത് 80 ദുരിതാശ്വാസ ക്യാംപുകള്‍; 80,461 അപേക്ഷകളില്‍ പലിശരഹിത വായ്പയ്ക്കുളള നടപടിയായി

കോഴിക്കോട്: 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിതവായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായി. ബാക്കിയുളള അപേക്ഷകളില്‍ നടപടികള്‍ പുരോഗമിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുളളതിനേക്കാള്‍ വലിയ തുക ലഭിക്കുമെന്ന് റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്കായി നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും.


വീട് നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്രമാനദണ്ഡമനുസരിച്ച് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരമാണ് സംസ്ഥാനം നല്‍കുന്നത്. പൂര്‍ണ്ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോരമേഖലയില്‍ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ പത്തുലക്ഷം രൂപ ലഭിക്കും.
വിളകളുടെ കാര്യത്തിലും സംസ്ഥാനം നല്‍കുന്ന നഷ്ടപരിഹാരം വളരെ വലുതാണ്. ഒരു ഏക്ര ഭൂമിയിലെ തെങ്ങ് കൃഷിക്ക് 18,000 രൂപ നല്‍കാനാണ് കേന്ദ്ര നിര്‍ദേശമെങ്കില്‍ സംസ്ഥാനം 1,19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് വിളകള്‍ക്കും ഇതുപോലെ വര്‍ദ്ധിച്ച തുകയാണ് സംസ്ഥാനം നല്‍കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 80 ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 787 കുടുംബങ്ങളിലായി 2,457 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top