ഹജ്ജ് സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമര്‍പ്പണ സന്ദേശം: നാസറുദ്ദീന്‍ എളമരം

ആലുവ: സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമര്‍പ്പണ സന്ദേശമാണ് ഹജ്ജിന്റെ ആത്മാവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡ ന്റ് നാസറുദ്ദീന്‍ എളമരം. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ആലുവ തായിക്കാട്ടുകര ഐഡിയല്‍ ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ്-2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിന്റെ സന്ദേശം തന്നെ ത്യാഗപരീക്ഷണങ്ങളുടേതാണ്. ഇബ്രാഹീം, ഇസ്മാഈല്‍ നബിമാരുടെയും ഹാജറ ബീവിയുടെയും ഉല്‍കൃഷ്ടമായ ജീവിതം അയവിറക്കാനും ഈ ജീവിതസന്ദേശത്തിലൂടെ ഉദ്ബുദ്ധരായ സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് ഓരോ ഹജ്ജാജിയും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കേവലം ഒരു ചടങ്ങോ ആരാധനയോ മാത്രമല്ല, സാമൂഹിക തിന്മകള്‍ക്കും അനീതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേയുള്ള വിളംബരം കൂടിയാണ്. ഖുര്‍ആനിക ചരിത്രങ്ങളും പ്രവാചകന്റെ ജീവിതസന്ദേശങ്ങളും ഇത്തരത്തിലാണ് നമുക്ക് നല്‍കുന്ന മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ സമാധാനപരമായ ഐക്യത്തിനും യോജിപ്പിനും വേണ്ടി ദൈവസന്നിധിയി ല്‍ കണ്ണീരൊഴുക്കിയുള്ള പ്രാര്‍ഥന ഉണ്ടാവണമെന്നും അദ്ദേഹം ഹാജിമാരെ ഓര്‍മിപ്പിച്ചു.
ഹജ്ജിന്റെ യഥാര്‍ഥ സന്ദേശം ഉള്‍ക്കൊള്ളാനും ദൈവികസന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കാനും ഓരോ ഹാജിയും പ്രതിജ്ഞയെടുക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി ഉദ്‌ബോധിപ്പിച്ചു. ചടങ്ങില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ഹജ്ജ് ഗൈഡ് നജാത്ത് ഹോസ്പിറ്റല്‍ ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. അബ്ബാസിന് നല്‍കി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി ഉദ്ഘാടനം ചെയ്തു.
എംഇഎസ് സംസ്ഥാന സെക്രട്ടറിയും തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയുമായ എം അലി, തായിക്കാട്ടുകര ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, കുന്നത്തേരി ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം മൗലവി, മുസ്‌ലിം ഏകോപന സമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദു ല്‍ റസാഖ് മൗലവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഇ സുല്‍ഫി, ജില്ലാ പ്രസിഡന്റ് അബ്ദുന്നാസര്‍ ബാഖവി, സെക്രട്ടറി കെ എ അഫ്‌സല്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, സലീം കൗസരി, ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ഖനി, അനസ് റഹ്മാനി സംസാരിച്ചു.

RELATED STORIES

Share it
Top