സിപിഎം-പോലിസ് ഭീകരതയ്‌ക്കെതിരേ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് എസ്ഡിപിഐ പ്രതിഷേധറാലി

കോഴിക്കോട്: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കെതിരേ സിപിഎമ്മും പോലിസും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരേ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധറാലിയും ഈ മാസം 20 മുതല്‍ 30 വരെ കാംപയിനും നടത്തുമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിഷ്ണു പ്രണോയ്, വിനായകന്‍, കെവിന്‍, ശ്രീജിത്ത്, ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍, ഗെയില്‍, ദേശീയപാതാ വിഷയങ്ങളില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം നടത്തിയ സമരങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വരാപ്പുഴ കേസില്‍ പ്രതിയായ സിപിഎമ്മിന്റെ കളിത്തോഴന്‍ എ വി ജോര്‍ജിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും പാര്‍ട്ടിയോടുള്ള പ്രതികാരത്തിനു കാരണമായി. കോളജ് കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും നടത്തുന്ന പോലിസ് തേര്‍വാഴ്ചയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന യാതൊരു വിവരവുമില്ല. ഇതിന്റെ പേരില്‍ എസ്ഡിപിഐയെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടതില്ല. പോലിസ് മേധാവി 12 പ്രതികളുണ്ടെന്ന് പറയുമ്പോഴും ഇവര്‍ മുഴുവന്‍ എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും ഫൈസി പറഞ്ഞു.
മഹാരാജാസ് സംഭവം സംസ്ഥാനത്തെ ആദ്യ കൊലപാതകമല്ല. പോലിസിന്റെ നിഷ്പക്ഷമായ അന്വേഷണത്തോട് പാര്‍ട്ടി സഹകരിക്കും. എന്നാല്‍ യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രി റെയ്ഡ് നടത്തി മറ്റ് കേസുകളില്‍ പ്രതികളാക്കുകയാണ്. നിരവധി അക്രമങ്ങളില്‍ രക്തക്കറ പുരണ്ട സിപിഎമ്മാണ് തങ്ങള്‍ക്കെതിരേ പ്രചാരണത്തിനിറങ്ങുന്നത്.
സംസ്ഥാന വ്യാപകമായി പാര്‍ട്ടിയുടെ കൊടികളും ഓഫിസുകളും സിപിഎം തകര്‍ക്കുകയാണ്. മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലിസ് തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്ഡിപിഐക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ബിജെപി ഒഴികെയുള്ള മുഴുവന്‍ പാര്‍ട്ടികളുമായി ജനകീയ പ്രശ്‌നങ്ങളില്‍ സഹകരിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു. പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top