ഹ്യൂം മാജിക്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയംമുംബൈ: ഇയാന്‍ ഹ്യൂമിന്റെ ഗോള്‍വേട്ട മുംബൈയിലും ആവര്‍ത്തിച്ചപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആവേശ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മുക്കിയത്. കളിക്കരുത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിന്റെ 23ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയ ഗോള്‍ സമ്മാനിച്ചത്.
മുംബൈയുടെ തട്ടകത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയത്. സി കെവിനീതിനെ പുറത്തിരുത്തിയ ജെയിംസ്  ബെര്‍ബറ്റോവിന് പകരം സിഫ്‌നിയോസും ഹാംഗലിന് പകരം മിലാന്‍ സിങിനും ആദ്യ ഇലവനില്‍ അവസരം നല്‍കി. മുംബൈയുടെ 4-4-1-1 ശൈലിക്കെതിരേ  4-4-2 ശൈലിയിലിറങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി മെനഞ്ഞത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന് ഒരവസരവും നല്‍കാതെ മുംബൈ പ്രതിരോധം തീര്‍ത്തെങ്കിലും 23ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. നാടകീയമായ ഒരു ഗോളുകൂടിയായിരുന്നു അത്. ആദ്യം സിഫിനിയാസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫൗള്‍ കിക്ക് പെക്യൂസന്‍ എടുക്കുന്നു. മുംബൈ കളിക്കാര്‍ സജ്ജരാകും മുന്‍പ് പെക്യൂസന്‍ പന്ത് ഹ്യൂമിന് നല്‍കി. ലഭിച്ച പന്തുമായി അതിവേഗം ഒാടിക്കയറിയ ഹ്യൂം  മുംബൈ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി വലതുളയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 1-0ന്റെ ആധിപത്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളം പിരിഞ്ഞത്. രണ്ടാം പകുതിയില്‍ സിഫ്‌നോസിനെ പിന്‍വലിച്ച് വിനീതിനെ ജെയിംസ് കളത്തിലിറക്കി. ഇരുകൂട്ടരും ഗോളിനുവേണ്ടി പലതവണ ശ്രമിച്ചെങ്കിലും രണ്ടാം പകുതി ഗോള്‍രഹിതമായി അവസാനിച്ചതോടെ ആദ്യ പകുതിയിലെ ഗോളിന്റെ കരുത്തില്‍ വിജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നു. തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുകളുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഇതേ പോയിന്റുതന്നെയുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്.

RELATED STORIES

Share it
Top