ഹോസ്റ്റലില്‍ സുരക്ഷ ഉറപ്പാക്കണം ; മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമരത്തില്‍കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജിലും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തില്‍. വിദ്യാര്‍ഥികള്‍ ഇന്നലെ ഹോസ്റ്റലിലെ സുരക്ഷാക്രമീകരണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്‍വശം സമരം നടത്തി. ഹോസ്റ്റലില്‍ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും തകര്‍ന്നു കിടക്കുന്ന ഹോസ്റ്റലിന്റെ മതില്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്നും പുതുതായി നിര്‍മിക്കുന്ന മതിലിന് ഉയരം കൂട്ടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കള്ളന്‍ കയറിയതായി പരാതിയുയര്‍ന്നത്. സംഭവത്തില്‍ സമീപത്ത് കെട്ടിടം നിര്‍മിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലിസ് പിടികൂടുകയും ചെയ്തു. ഹോസ്റ്റലിന് അകത്തു കടന്നവര്‍ മൂന്നാംനിലയിലെ എല്ലാ മുറികളും കുറ്റിയിട്ട് അടയ്ക്കുകയും രണ്ടാം നിലയിലെ ചില മുറികള്‍ പൂട്ടിയിട്ടതായും പറയുന്നു. തുടര്‍ന്ന് സെക്യൂരിറ്റി വിഭാഗം പോലിസിനെ വിളിച്ചുവരുത്തി. സമീപത്ത് നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും രണ്ടു തൊഴിലാളികളെ സംശയത്തിന്റെ പേരില്‍ പോലിസ് പിടികൂടുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രോഗിയുടെ പണം നഷ്ടപ്പെട്ടതായും പരാതിയുയര്‍ന്നിട്ടുണ്ട്. നോര്‍ത്ത് പറവൂര്‍ സ്വദേശിയുടെ പതിനായിരത്തോളം രൂപയാണ് ആശുപത്രിയില്‍നിന്നും നഷ്ടപ്പെട്ടത്. ഇവരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിലും വാര്‍ഡുകളിലും മോഷണശ്രമം ഇതിനു മുമ്പും നടന്നിട്ടുണ്ട്. വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ പുതുതായി എത്തിച്ച സ്‌കാനിങ് ഉപകരണം നഷ്ടപ്പെട്ടിട്ടും ഇതുവരെ അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്ന മെഡിക്കല്‍ കോളജില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിസിടിവി കാമറ പ്രവര്‍ത്തനരഹിതമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ സുരക്ഷ ശക്തമാകുന്നതിന്റെ ഭാഗമായി നിരീക്ഷണകാമറ സ്ഥാപിക്കണമെന്ന് പോലിസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

RELATED STORIES

Share it
Top