ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സിലിന് കൂടുതല്‍ അധികാരം; ബില്ലിന് ലോക്‌സഭാ അംഗീകാരം

ന്യുഡല്‍ഹി: ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സിലിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള 1973ലെ നിയമ നിര്‍മാണമാണു പുതിയ ബില്ല് പ്രകാരം ഭേദഗതി ചെയ്യുന്നത്.
ബില്ല് നിയമമായി മാറിയാല്‍ ഒരു വര്‍ഷത്തിനകം കൗണ്‍സില്‍ കൂടുതല്‍ അധികാരത്തോടെ പുനസ്സംഘടിപ്പിക്കണം. കൗണ്‍സിലിന്റെ അംഗീകാരം നേടാത്ത ഹോമിയോപ്പതി മെഡിക്കല്‍ കോളജുകള്‍ ഒരു വര്‍ഷത്തിനകം അംഗീകാരം നേടണം. ഇല്ലെങ്കില്‍ കോളജുകളുടെയും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെയും അംഗീകാരം റദ്ദാവും.
നേരത്തെ കൗണ്‍സിലിന്റെ അംഗീകാരം നേടിയ കോളജുകളില്‍ പുതുതായി ആരംഭിച്ച കോഴ്‌സുകള്‍ക്കും ഇക്കാലയളവില്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. ഒരു വര്‍ഷത്തിനകം കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ വര്‍ധിപ്പിച്ച സീറ്റുകളിലും കോഴ്‌സുകളിലും പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ അംഗീകാരം നഷ്ടപ്പെടുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഭേദഗതിക്ക് നേരത്തെ ഓര്‍ഡിനന്‍സായി അംഗീകാരം ലഭിച്ചിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീപ്രസാദ് യെസ്സോ നായിക് ആണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തു നിന്നുള്ള എതിര്‍പ്പിനിടെയാണു സഭയില്‍ ബില്ല് പാസായത്.
ഹോമിയോപതി മെഡിക്കല്‍ കോളജുകള്‍ക്ക് എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം ഗുരുതരമായ അഴിമതിക്ക് കളമൊരുങ്ങിയിരിക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.
കോളജുകള്‍ക്ക് അനുമതിക്കത്ത് നല്‍കുന്നതിനു പിന്നില്‍ ആയുഷ് മന്ത്രാലയത്തില്‍ ഗുരുതരമായ അഴിമതിയാണു നടക്കുന്നതെന്നും എംപി പറഞ്ഞു. സ്വാശ്രയ, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു നിഷ്പ്രയാസം അനുമതി ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ അധീനതയിലുള്ള എയ്ഡ്ഡ് കോളജുകള്‍ക്ക് അനുമതി ലഭിക്കുന്നില്ല.
ഇതു മൂലം നീറ്റില്‍ യോഗ്യത ലഭിച്ച കുട്ടികള്‍ക്കു പോലും കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മെഡിക്കല്‍ കോളജുകള്‍ എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാറില്‍ നിന്നു പ്രവര്‍ത്തനാനുമതി വാങ്ങണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
വേണ്ടത്ര പരിശോധന നടത്താതെയാണ് 38 കോളജുകള്‍ക്ക് അനുമതി നല്‍കിയതെന്ന് എന്‍സിപി എംപി ധനഞ്ജയ് മഹാദിക് ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ പറഞ്ഞു.
നിയമ ഭേദഗതിക്കു പിന്നില്‍ ഒളിയജണ്ട ഉള്ളതായി കോണ്‍ഗ്രസ്സിന്റെ കരണ്‍സിങ് യാദവ് പറഞ്ഞു.

RELATED STORIES

Share it
Top