ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിച്ചു

സോള്‍: ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം ഉത്തര കൊറിയ പുനസ്ഥാപിച്ചു. ഹോട്ട്‌ലൈന്‍ പുനസ്ഥാപിക്കുന്നതിനുള്ള ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. 2016 ഫെബ്രുവരിയിലായിരുന്നു ഹോട്ട്‌ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഇന്നലെ മൂന്നുമണിയോടെ പുനരാരംഭിച്ചു.
ഹോട്ട്‌ലൈനിലൂടെ ഉത്തര കൊറിയ പ്രാഥമികമായ ആശയവിനിമയം നടത്തിയതായും ടെലഫോണ്‍ ലൈനുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായും ദക്ഷിണ കൊറിയയിലെ ഏകീകരണ മന്ത്രാലയം അറിയിച്ചു. 20 മിനിറ്റോളം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സംസാരിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍, ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കേയാണ് ഫോണ്‍ സംഭാഷണം.
ഉത്തര കൊറിയയുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം ഒമ്പതിന് ചര്‍ച്ച നടത്താമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്റെ പുതുവല്‍സര പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിറകേയാണ് ദക്ഷിണ കൊറിയ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചത്. അടുത്തമാസം ദക്ഷിണ കൊറിയയിലെ പ്യോങ്‌യാങ്ങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിനായി ഉത്തര കൊറിയന്‍ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം ജോങ് ഉന്‍ അറിയിച്ചിരുന്നു.
ശൈത്യകാല ഒളിംപിംക്‌സിലേക്ക് പ്രതിനിധികളെ അയക്കുന്നതിന് ഉത്തരകൊറിയയുമായി ആത്മാര്‍ഥമായും സത്യസന്ധമായും ഇടപെടുമെന്ന് ഉത്തര കൊറിയയിലെ ഏകീകരണസമിതി ചെയര്‍മാന്‍ റിന്‍ സോന്‍ ഗോന്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതിയുണ്ടാവൂവെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top