ഹോട്ടലുടമയെ മര്‍ദിച്ച് പൂട്ടിയിട്ട രണ്ടുപേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ ഹോട്ടലുടമയെ കെട്ടിടയുടമ മര്‍ദിച്ചവശനാക്കി പൂട്ടിയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. തായിനേരി പള്ളിഹാജി റോഡിലെ സലിം ക്വാര്‍ട്ടേഴ്‌സ് ഉടമ ഇബ്രാഹീം, സലാം എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. വാടക പ്രശ്‌നം ആരോപിച്ച് സലിം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പയ്യന്നൂര്‍ കേളോത്ത് സിറ്റി ഡൈന്‍ ഹോട്ടല്‍ നടത്തുന്ന തമിഴ്‌നാട് സ്വദേശിയായ പി സുബ്രഹ്്മണ്യത്തെ(44)യ്ക്കാണു മര്‍ദ്ദനമേറ്റത്. മുറിയില്‍ മര്‍ദനമേറ്റ് പൂട്ടിയിട്ട അവശനിലയിലാണു കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പയ്യന്നൂര്‍ പോലിസ് പൂട്ട് തകര്‍ത്താണ് സുബ്രഹ്മണ്യനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സുബ്രഹ്്മണ്യന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞും കണ്ണിന് മുകളില്‍ മര്‍ദനമേറ്റും നീരുവച്ച നിലയിലുമായിരുന്നു. അസുഖം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന സഹോദരിയുടെ അടുത്തുപോയ സുബ്രഹ്്മണ്യന്‍ തിരിച്ചുവരുമ്പേഴേക്കും തായിനേരിയിലെ 20 വര്‍ഷമായി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടയുടമ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. സുബ്രഹ്്മണ്യന്റെ ഗൃഹോപകരണങ്ങളും ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന രണ്ടുപവന്റെ മാലയും 20000 രൂപയും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് രണ്ടു ലക്ഷം രൂപയുടെ വസ്തുവകകള്‍ കെട്ടിടയുടമ കളവ് ചെയ്തതായി സുബ്രഹ്്മണ്യന്‍ പയ്യന്നൂര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു സുബ്രഹ്്മണ്യന്റെ താമസം. ഇതിനിടെ പ്രദേശത്തെ സിപിഎം നേതാക്കള്‍ മധ്യസ്ഥശ്രമത്തിലൂടെ പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്.

RELATED STORIES

Share it
Top