ഹോട്ടലുകളിലും തട്ട് കടകളിലും പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

മട്ടാഞ്ചേരി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ എട്ടോടെ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തും പരിസരങ്ങളിലുമുള്ള കടകളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എ വണ്‍ തട്ട് കടയില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, ചോറ്, ഫ്രൈഡ് റൈസ്, ബിരിയാണി എന്നിവ പിടിച്ചെടുത്തു.
ഫോര്‍ട്ട്‌കൊച്ചി എക്‌സല്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മോശമായ കരി നിറത്തിലുള്ള എണ്ണ, ചോറ്, ചപ്പാത്തി എന്നിവയും കമാലക്കടവില്‍ ടൂറിസ്റ്റ് ബോട്ട് ജെട്ടിക്ക് മുകളിലെ ഹോട്ടല്‍ മരിയയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം പഴകിയ ചോറ് പിടിച്ചെടുത്തു. ദിവസങ്ങളോളം  ഉപയോഗിച്ച എണ്ണ മാറ്റാതെ അതില്‍ തന്നെ പുതിയ എണ്ണ കലര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. തട്ട് കടകളിലെ വിഭവങ്ങള്‍ പലതും ഏറെ പഴക്കമുള്ളതായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കാനയുടെ മുകളില്‍ വച്ചിരുന്ന കുടിവെള്ളം അധികൃതര്‍ ഒഴുക്കി കളഞ്ഞു.
മോശമായ ഐസും പിടിച്ചെടുത്ത മോശം ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. പരിശോധന രാവിലെയായതിനാല്‍ തട്ടുകടകളില്‍ ഭൂരിഭാഗവും തുറന്നിരുന്നില്ല. തട്ട് കടകള്‍ ഭൂരിഭാഗവും മോശം അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാലിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ റെയ്മണ്ട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, നീത, ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top