ഹോട്ടലില്‍ പാചക ഗ്യാസില്‍ നിന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി

ബേപ്പൂര്‍: ബേപ്പൂര്‍ ടൗണിലെ ഹോട്ടലില്‍ പാചക ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്നു . ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബേപ്പൂര്‍ ബസ്റ്റാന്റിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന അച്ചൂസ് ഹോട്ടല്‍ ആന്റ് കൂള്‍ബാറിലാണ് തീപ്പിടിത്തമുണ്ടായത്. അടുക്കള ഉപകരണങ്ങളും പാത്രങ്ങള്‍,  ഗ്യാസ് ലൈനുകള്‍, വയറിങ്ങുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഗ്യാസ് ലൈനില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് കാരണമായത്. തീ പടര്‍ന്ന ഉടനെ ഹോട്ടലിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പരിഭ്രാന്തരായി പുറത്തേക്കോടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഉടനെത്തന്നെ സമീപത്തെ വ്യാപാരികളടക്കം ഓടിയെത്തി വെള്ളമെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളും വന്‍ അപകടവും ഒഴിവായി. ബേപ്പൂര്‍ സ്വദേശി തറയില്‍ കോതിയില്‍ ഹൗസില്‍ താമസിക്കുന്ന നവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍ . പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബേപ്പൂര്‍ പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് നേതൃത്വം നല്‍കുകയും അഗ്‌നിശമന സേനക്ക് വിവരമറിയിക്കിയുകയും ചെയ്തു. ഉടനെത്തന്നെ മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പാനോത്ത് അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍എഞ്ചിനും സ്ഥലത്തെത്തി.നാട്ടുകാരും ഹോട്ടലിലെ തൊഴിലാളികളും ചേര്‍ന്നാണ് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.

RELATED STORIES

Share it
Top