ഹോട്ടലില്‍ ഗുണ്ടാ വിളയാട്ടം; ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എടക്കര: വഴിക്കടവിലെ ഹോട്ടലില്‍ ഗുണ്ട വിളയാട്ടം. ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക ആവശ്യപ്പെട്ടതിന് ഉടമയെ വെട്ടിപ്പരിക്കേല്‍പിച്ചു. അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരത്തിലെ വഴിക്കടവ് ആനമറിയിലുളള ലിറ്റില്‍വാലി ഹോട്ടല്‍ ഉടമ ചോലക്കാട്ട് മണികണ്ഠ (52) നാണ് വെട്ടേറ്റത്. ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടുങ്ങല്‍ പൂക്കേടന്‍ ഷൗക്കത്ത് എന്ന ലുട്ടാപ്പി (28) യെ വഴിക്കടവ് എസ്‌ഐ അജയകുമാറും സംഘവും അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ്  അക്രമം നടന്നത്. ഓട്ടോറിക്ഷയില്‍ എത്തിയ ഷൗക്കത്തും, സുഹൃത്ത് അഞ്ഞന്‍കോടന്‍ ഷമീറും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം  ബില്‍ തുക നല്‍കാതെ പുറത്തേക്ക് ഇറങ്ങി. മണികണ്ഠന്റെ ജേഷ്ഠന്റെ മകന്‍ അശ്വത് ആയിരുന്നു ഈ സമയം ഹോട്ടലിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്. പണം ആവശ്യപ്പെട്ട അശ്വതിന് നേരെ ഇവര്‍ കത്തി വീശാന്‍ തുടങ്ങി. എന്നാല്‍ ഹോട്ടലിന്റെ ഉളളിലേക്ക് ഓടിക്കയറിയതിനാന്‍ ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ് മണികണ്ഠനും ജേഷ്ഠന്‍ വാസുദേവനും ഹോട്ടലില്‍ എത്തി. സംഘത്തിലുളള ഒരാള്‍ മണികണ്ഠന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും  തലയിലുളള തൊപ്പി എടുത്ത് മാറ്റുകയും ചെയ്തു. തുടര്‍ന്ന് മണികണ്ഠനെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വലത് കയ്യുടെ മുട്ടിന് താഴെ വെട്ടേറ്റ മണികണ്ഠനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുപത്രിയായ ഷെമീര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. വെട്ടാന്‍ ഉപയോഗിച്ച കത്തിയുടെ ഉറ ഹോട്ടലില്‍ നിന്ന് ലഭിച്ചു. പ്രതികള്‍ക്കെതിരെ 506 എ, 308 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

RELATED STORIES

Share it
Top