ഹൈദരാബാദ് ഇരട്ടസ്‌ഫോടനം: രണ്ട് പേര്‍ കുറ്റക്കാര്‍

ഹൈദരാബാദ്: 2007ല്‍ നടന്ന ഹൈദരാബാദ് ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അനീഖ് ഷഫീഖ് സയ്യിദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ എന്നിവരെയാണ് രണ്ടാം അഡീഷനല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ടി ശ്രീനിവാസ റാവു കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഫാറൂഖ് ഷര്‍ഫുദ്ദീന്‍ തര്‍ക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ അഹമ്മദ് ശെയ്ഖ് എന്നിവരെ വെറുതെവിട്ടു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. സ്‌ഫോടനത്തിനുശേഷം പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്ന കുറ്റം ചുമത്തപ്പെട്ട താരിഖ് അന്‍ജുമിന്റെ കേസിലും അന്നു വിധിയുണ്ടാകും.തെലങ്കാന പോലിസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗമാണ് കേസന്വേഷിച്ച് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നാലു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍, ആമിര്‍ റേസാഖാന്‍ എന്നിവരെ പിടികിട്ടാനുണ്ട്. കേസില്‍ 2016ലാണ് വിചാരണ തുടങ്ങിയത്. ഈ വര്‍ഷം ജൂണില്‍ ചെര്‍ലപള്ളി സെന്‍ട്രല്‍ ജയില്‍വളപ്പിലെ കോടതിഹാളിലേക്ക് വിചാരണ മാറ്റിയിരുന്നു.അനീഖ് ഷഫീഖ് സയ്യിദ് ലുംബിനി പാര്‍ക്കിലും ഭട്കല്‍ ഗോകുല്‍ ചട്ടിലും ബോംബ് സ്ഥാപിച്ചുവെന്നാണ് കേസ്. 2007 ആഗസ്ത് 25നാണ് രണ്ടിടത്തും ഏതാണ്ട് ഒരേസമയം സ്‌ഫോടനം നടന്നത്. ഭക്ഷണശാലയായ ഗോകുല്‍ ചട്ടില്‍ 32 പേര്‍ മരിക്കുകയും 47 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന് ഏതാനും മീറ്റര്‍ ദൂരത്തുള്ള ലുംബിനി പാര്‍ക്കിലെ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു.

RELATED STORIES

Share it
Top