ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈക്ക് സൂപ്പര്‍ ജയം; ഒന്നാമത്
ഹൈദരാബാദ്: ആവേശം അവസാന ഓവറിലേക്കെത്തിയ മല്‍സരത്തില്‍ കരുത്തരായ ഹൈദരബാദിനെ തകര്‍ത്ത് ചെന്നൈക്ക് തകര്‍പ്പന്‍ ജയം. നാല് റണ്‍സിനാണ് ധോണിയും സംഘവും ഹൈദരബാദിന്റെ തട്ടകത്തില്‍ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരബാദിന്റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിങും ദീപക് ചാഹറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ചെന്നൈക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തകര്‍ച്ച തുടക്കമായിരുന്നു. ഹൈദരബാദിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ ചെന്നൈ ഓപണര്‍മാരായ ഷെയ്ന്‍ വാട്‌സണും (9) ഫഫ് ഡുപ്ലെസിസും (11) വിയര്‍ത്തു. പവര്‍പ്ലേ ഓവറില്‍ ചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുനിര്‍ത്താന്‍ ഹൈദരബാദിന് കഴിഞ്ഞെങ്കിലും മൂന്നാം വിക്കറ്റിലെ അമ്പാട്ടി റായിഡും (79), സുരേഷ് റെയ്‌ന (54*) കൂട്ടുകെട്ട് ചെന്നൈയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 37 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറും നാല് സിക്‌സറും പറത്തിയ റായിഡു റണ്ണൗട്ടാവുകയായിരുന്നു. റെയ്‌ന 43 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും സ്വന്തമാക്കി. അവസാന ഓവറുകളില്‍ എംഎസ് ധോണി (12 പന്തില്‍ 25) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ചെന്നൈ സ്‌കോര്‍ബോര്‍ഡിനെ 182 റണ്‍സിലേക്കെത്തിച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരബാദ് നിരയില്‍ ശിഖര്‍ ധവാന്റെ അഭാവം നിഴലിച്ച് നിന്നു.  ഓപണര്‍ ഭുയിയും (0) മനീഷ് പാണ്ഡെയും (0) ദീപക് ഹൂഡയും  നിരാശപ്പെടുത്തിയതോടെ ഹൈദരബാദ് വന്‍ തോല്‍വിയെ മുന്നില്‍ക്കണ്ടു. എന്നാല്‍ ഒരു വശത്ത് മികച്ച രീതിയില്‍ ബാറ്റുവീശിയ കെയ്ന്‍ വില്യംസന്റെ (84) പ്രകടനമാണ് ഹൈദരബാദ് സ്‌കോര്‍ബോര്‍ഡിന് അടിത്തറയായത്. 51 പന്തുകളില്‍ ആറ് ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് വില്യംസന്‍ മടങ്ങിയത്. അവസാന ഓവറുകളില്‍ യൂസഫ് പഠാന്‍ (27 പന്തില്‍ 45) പൊരുതിനോക്കിയെങ്കിലും ശര്‍ദുല്‍ ഠാക്കൂറിന് മുന്നില്‍ വീണു. അവസാന ഓവറില്‍ ഹൈദരാബാദിന് പ്രതീക്ഷ നല്‍കി റാഷിദ് ഖാന്‍ (നാല് പന്തില്‍ 17) ആഞ്ഞടിച്ചെങ്കിലും വിജയലക്ഷ്യത്തിനും നാല് റണ്‍സകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയം സഹിതം എട്ട് പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി.

RELATED STORIES

Share it
Top