ഹൈഡല്‍ ടൂറിസം പദ്ധതി; നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി

രാജാക്കാട്: ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വനംവകുപ്പിന്റെ നോട്ടീസ്. നോട്ടീസ് നല്കിയിരിക്കുന്നത് സ്ഥലം വനംവകുപ്പിന്റെതെന്നു കാണിച്ച്. പൊന്മുടി ജലാശയത്തില്‍ ബോട്ടിംഗ് ആരംഭിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടാണ് വനംവകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ നിലച്ചുപോയ പൊന്മുടിയിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ എംഎല്‍എകൂടിയായ വൈദ്യുതിമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ പദ്ധതി പുനരാരംഭിക്കുന്നതിന് വേണ്ടി 40 ലക്ഷത്തോളം രൂപാ ഫണ്ട് അനുവദിക്കുകയും ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. ഈ സാഹചര്യത്തിലാണ് ഡിഎഫ്ഒ നേരിട്ടെത്തി ഇത് വനംവകുപ്പിന്റെ ഭൂമിയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയത്. 1961-62 കാലഘട്ടത്തിലാണ് ജനവാസമേഖലായായ ഇവിടെ നിന്ന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിച്ച് കെഎസ്ഇബി 800 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അണക്കെട്ട് കമ്മീഷന്‍ ചെയ്തശേഷം ജലനിരപ്പില്‍ നിന്നും 100 മീറ്റര്‍ ഒഴിവാക്കി 400 ഏക്കറോളം വരുന്ന സ്ഥലം വനവല്‍ക്കരണം നടത്തുവാന്‍ കെഎസ്ഇബി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, നിലവില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വനംവകുപ്പിനാണെന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രാജാക്കാടെന്ന കുടിയേറ്റ ഗ്രാമത്തിന്റെ സ്വപ്‌നപദ്ധതിയായ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടസ്സപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് വിലങ്ങുതടിയായ നില്‍ക്കുന്നുവെന്ന ആരോപണമുയരുകയും ഇതിനെതിരേ വലിയ പ്രതിക്ഷേധങ്ങളും ശക്തമാകുന്ന സമയത്താണ് നിലവില്‍ പൊന്മുടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമതി രൂപീകരിച്ച് വലിയ പ്രതിക്ഷേധത്തിനും തയ്യാറെടുക്കുകയാണ്.

RELATED STORIES

Share it
Top