ഹൈടെക് ഓര്‍ഗാനിക് ഫാം ഉദ്ഘാടനം നാളെ

വടകര: നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയില്‍ നിര്‍മിച്ച ഹൈടെക് ഓര്‍ഗാനിക് ഫാം നാളെ നാടിനു സമര്‍പ്പിക്കും. കാട്ടുമൂലയെന്ന് പറഞ്ഞു തള്ളിയ കുന്നിന്‍ പ്രദേശത്ത് പച്ചക്കറി കൃഷിയുടെ വിസ്മയം തീര്‍ത്തിരിക്കയാണ് നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക്. കുന്നിന് പുറത്ത് കിണര്‍ കുഴിച്ച് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ബാങ്ക് കൃഷിപാഠം തീര്‍ത്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണത്തോടെയാണ് ബാങ്ക് വിലയ്ക്ക് വാങ്ങിയ രണ്ട് ഏക്കര്‍ സ്ഥലത്ത് കൗതുകം ജനിപ്പിക്കുന്ന കൃഷി രീതി ആരംഭിച്ചിരിക്കുന്നത്.
മാലിന്യങ്ങള്‍ കുറച്ച് പരിസ്ഥിതി സൗഹൃദ കൃഷി രീതിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഫാമിന്റെ രീതി. തക്കാളി, വെണ്ട, കയപ്പ, ചീര, സൗദി, കക്കരി, പടവലം, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറിപ്പാടം ആരേയും മോഹിപ്പിക്കും. ഓര്‍ഗാനിക് ഫാമുകളില്‍ ജലസേചനത്തിന് പൈപ്പ് വഴി ബന്ധിപ്പിച്ച് കൂറ്റന്‍ കുളവും നിര്‍മിച്ചിട്ടുണ്ട്.
ഫാമിലെ പോളി ഹൗസ്, റെയിന്‍ ഷെല്‍ട്ടര്‍, ഫിഷ് പോണ്ട് എന്നിവ ആകര്‍ഷകങ്ങളാണ്. വിഷ രഹിത പച്ചക്കറിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഫാം. പരിമിതമായ വിഭവങ്ങളേയും ഭൂമിയേയും പരമാവധി ഉപയോഗപ്പെടുത്തി ആവശ്യത്തിന് ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.
ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിങ് സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഫാമിന്റെ ഭാഗമായി മല്‍സ്യ കൃഷി, കോഴി വളര്‍ത്തല്‍, ആധുനിക കൃഷി രീതി പരിശീലനം എന്നിവയും ഉടന്‍ ആരംഭിക്കുമെന്ന് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫാമിന്റെ ഉദ്ഘാടനം നാളെ കാലത്ത് 11.30 ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

RELATED STORIES

Share it
Top