ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയ സ്വദേശി അറസ്റ്റില്‍

മഞ്ചേരി: രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തിയ സംഭവത്തില്‍ ഒരു വിദേശ പൗരന്‍ കൂടി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32) ആണ് അറസ്റ്റിലായത്. തട്ടിപ്പു സംഘത്തിന് പണം കൈമാറുന്ന ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്നു മഞ്ചേരി പോലിസാണ് അറസ്റ്റു ചെയ്്തത്. മരുന്നു മൊത്ത വിതരണ വ്യാപാരിയില്‍ നിന്നു ലക്ഷക്കണത്തിനു രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഇക്കഴിഞ്ഞ ജുലൈയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ മരുന്ന് മൊത്തവിതരണ വ്യാപാരി വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്നുകള്‍ ഇന്റര്‍നെറ്റു വഴി തിരഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ വേരോട്ടമുള്ള തട്ടിപ്പു സംഘം മരുന്നു നല്‍കാമെന്നു പറഞ്ഞ് വ്യാപാരിയെ ബന്ധപ്പെടുകയും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വ്യാപാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച മഞ്ചേരി പോലിസ് വിവിധ രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിരുന്ന സംഘത്തിലെ പ്രധാനികളായ കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28്), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും പിടികൂടി. മഞ്ചേരി പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമാന രീതിയിലുള്ള കോടികളുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. ഇദുമെ ചാള്‍സിനെ മുമ്പ് സമാനമായ കുറ്റത്തിന് രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ ഈ സംഘം സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തത്. വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ് സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉല്‍പന്നങ്ങള്‍ വില്‍പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് സംഘത്തിന്റെ തട്ടിപ്പു രീതി. ഇവരുടെ വെബ്—സൈറ്റില്‍ ആരെങ്കിലും ഉല്‍പന്നങ്ങള്‍ക്കായി പരിശോധന നടത്തിയാല്‍ ഉടന്‍ ഇരകളുമായി ബന്ധപ്പെടും.
ഇര ഉല്‍പന്നം വാങ്ങാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചു കൊടുക്കും. പിന്നീട് ഉല്‍പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അടവാക്കിയാല്‍ ഇര വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റ് നമ്പര്‍ വ്യാജമായി തയ്യാറാക്കി സന്ദേശമയക്കുകയും ചെയ്യും.
ഇത്തരത്തില്‍ പല തവണകളിലായാണ് പണം തട്ടിയെടുക്കുന്നതെന്ന് അന്വേഷണത്തി ല്‍ വ്യക്തമായിരുന്നു.ഇപ്പോള്‍ അറസ്റ്റിലായ ഇദുമെ ചാള്‍സ് ഒന്യാമയേച്ചിയെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തിലെത്തിച്ച മറ്റു പ്രതികളും റിമന്‍ഡിലാണ്. ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ സ്—ക്വാഡ് അംഗങ്ങളായ കെ പി അബ്ദുല്‍ അസീസ്, ടി പി മധുസൂദനന്‍, ഷഹബിന്‍, ഹരിലാല്‍ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top