ഹൈക്കോടതി വിധിയെ വര്‍ഗ്ഗീയവല്‍ക്കരിച്ച കൊടിയേരിയ്ക്ക് എതിരേ കേസെടുക്കണം: വി ടി ബെല്‍റാം

കരുനാഗപ്പള്ളി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതിയെ വര്‍ഗ്ഗീയവല്‍ക്കരിച്ച കൊടിയേരിയ്‌ക്കെതിരേ കേസെടുക്കണമെന്ന് വിടിബെല്‍റാം എംഎല്‍എ പറഞ്ഞു.
കേരളം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും കൊലക്കത്തി താഴെവെയ്ക്കാന്‍ തയ്യാറാകണം. ബിജെപിയ്‌ക്കെതിരേ പ്രതികരിക്കുന്നവരോട് പാകിസ്താനിലാട്ട് പോകുവാനും സിപിഎമ്മിനെതിരേ പ്രതികരിക്കുന്നവരെ ബിജെപിക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സര്‍ക്കാര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത് യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന ഭയത്താലാണെന്നും അദ്ദേഹം പറഞ്ഞു. രക്തം കൊതിക്കുന്ന വിപ്ലവഭീകരതയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ്സ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്  സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ് അനൂപ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സിആര്‍ മഹേഷ് മുഖ്യപ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് നേതാക്കളായ കെ സി രാജന്‍, ആര്‍ രാജശേഖരന്‍, മുനമ്പത്ത് വഹാബ്, എച്ച് സലീം, എന്‍ അജയകുമാര്‍, ബിന്ദുജയന്‍, സിഒകണ്ണന്‍, രതീദേവി, എഎ അസ്സീസ്, അഡ്വ: സിപി പ്രിന്‍സ്, ഷിബു എസ് തോടിയൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top