ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കും

പത്തനംതിട്ട: പൊന്തന്‍പുഴ വനഭൂമി സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനായി റിവ്യൂപെറ്റീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വനംമന്ത്രി കെ രാജു നിയമസഭയില്‍ രാജു ഏബ്രഹാം എംഎല്‍എയെ അറിയിച്ചു.
പെരുമ്പെട്ടിയില്‍ 1977 ജനുവരി ഒന്നിന് മുമ്പായി വനഭൂമി കൈയ്യേറി താമസിച്ച 414 കൈവശക്കാരുടെ രേഖകള്‍ പരിശോധിച്ച് പട്ടയം നല്‍കാനും തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പൊന്തന്‍പുഴ വനം നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണം എന്നും പെരുമ്പെട്ടിയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം എന്നും ആവശ്യപ്പെട്ട് രാജു ഏബ്രഹാം നിയമസഭയില്‍ നല്‍കിയ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലിയകാവ്, പൊന്തന്‍പുഴ വനഭൂമിയുടെ മേല്‍ അവകാശം ഉന്നയിച്ച് ചിലര്‍ എറണാകുളം ജില്ലാ കോടതിയേയും തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
ആലപ്ര വലിയകാവ് റിസര്‍വ്വുകള്‍ വിജ്ഞാപനം ചെയ്ത സമയത്ത് 1961 ലെ കേരള വന നിയമത്തിലെ 2(ജി) വകുപ്പില്‍ നിര്‍വചിച്ചിരുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ആയിരുന്നില്ലെന്ന് തീരുമാനിക്കുകയും ഭൂമിയിലുളള ഇവരുടെ അവകാശ രേഖകള്‍ അംഗീകരിക്കുകയും ഭൂമി തിരിച്ചറിയുന്നത് സംബന്ധിച്ചുളള ജില്ലാ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവച്ചും അപ്പീല്‍ തീര്‍പ്പാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതിനെതിരേയാണ് എംഎല്‍എ യുടെ ആവശ്യ പ്രകാരം ഈ മാസം 18 ന് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
വനത്തിന്റെ പെരുമ്പെട്ടി ഭാഗം കൈയ്യേറി താമസിക്കുന്ന 414 കൈവശക്കാരുടെ പേരുവിവരങ്ങള്‍ ജോയിന്റ് വേരിഫിക്കേഷനിലൂടെ ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ റാന്നി, കോന്നി താലൂക്കുകളുലെ 1970.04 ഹെക്ടര്‍ പ്രദേശത്ത് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി നടത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
പെരുമ്പെട്ടിയിലെ 414 പേരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യൂസര്‍ ഏജന്‍സിയായ റവന്യൂവകുപ്പിനുവേണ്ടി ഇനി നടപടികള്‍ സ്വീകരിക്കേണ്ടത് കലക്ടറാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top