ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗൗതം നവ്്‌ലാഖയുടെ വീട്ടുതടങ്കല്‍ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായാണ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയാണു ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. നവ്‌ലാഖയെ പൂനെയിലേക്കു കൊണ്ടുപോവാന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി കാര്യഗൗരവമില്ലാതെയാണു കേസ് പരിഗണിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. കീഴ്‌ക്കോടതി നല്‍കിയ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഭീമ കൊരേഗാവ് കേസില്‍ അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളാണു ഗൗതം നവ്‌ലാഖ.
ഒരാളെ 24 മണിക്കൂറിലധികം തടങ്കലില്‍ വയ്ക്കുന്നതു അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ആഗസ്ത് 28നാണു ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേരിയ, സുധാ ഭരദ്വാജ് എന്നിവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂനെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. ആഗസ്ത് 29ന് ഇതിനെതിരേ പ്രമുഖ ചരിത്രകാരി റൊമീലാ ഥാപ്പര്‍, സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് എന്നിവര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി ഇവരെ ജയിയില്‍ പാര്‍പ്പിക്കാനുള്ള പോലിസ് നീക്കം തടഞ്ഞു.
പകരം വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ഇവര്‍ക്ക് കീഴ്‌ക്കോടതിയെ സമീപിക്കാനുള്ള സൗകര്യത്തിനായി നാലാഴ്ചത്തേക്ക് വീട്ടു തടങ്കല്‍ നീട്ടി നല്‍കി. ഇതിനു പിന്നാലെയാണു നവ്‌ലാഖ ഹൈക്കോടതിയെ സമീപിക്കുന്നത്.

RELATED STORIES

Share it
Top