ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഹൈക്കോടതി വളപ്പിനുള്ളിലെ മസ്ജിദ് പൊളിച്ചുമാറ്റണമെന്ന നിലപാടിലുറച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതി വളപ്പിനുള്ളിലെ മസ്ജിദ് നീക്കംചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി ഡിവിഷന്‍  ബെഞ്ചിന്റെ വിധിക്കെതിരേ ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. മുകുള്‍ രോഹ്തഗി  അലഹബാദ് ഹൈക്കോടതിക്ക് വേണ്ടിയും കപില്‍ സിബല്‍ യുപി സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടിയും ഹാജരായി. മസ്ജിദ് നിലനില്‍ക്കുന്നത് കേവലം 400 സ്‌ക്വയര്‍ മീറ്ററിലാണെന്നും അത് അവിടെ അനുവദിക്കാവുന്നതാണെന്നും സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ  കപില്‍ സിബല്‍ വാദിച്ചു.
എന്നാല്‍  വിഷയത്തില്‍ മസ്ജിദിന് വേറെ സ്ഥലം നല്‍കാന്‍ തയ്യാറാണോയെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സര്‍ക്കാരിന് വേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഐശ്വര്യ ഭാട്ടി മറുപടി സമര്‍പ്പിക്കും.
കഴിഞ്ഞ നവംബറിലാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി ബി ബോസ്‌ലെ, ജസ്റ്റിസ് എം കെ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതി പരിസരത്തെ മസ്ജിദ് നീക്കംചെയ്യാന്‍ ഉത്തരവിട്ടത്.

RELATED STORIES

Share it
Top