ഹൈക്കോടതി മാര്‍ച്ച്; പോലിസിനും സര്‍ക്കാരിനും ഇരട്ട നീതി

[caption id="attachment_404198" align="alignnone" width="547"] പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച്[/caption]

കോഴിക്കോട്: കോടതി വിധിയില്‍ പ്രതിഷേധിച്ച മൂന്ന് വ്യത്യസ്ഥ സംഭവങ്ങളില്‍ പോലിസിനും സര്‍ക്കാരിനും രണ്ട് നീതി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതിയുടെ വിചിത്രമായ വിധിക്കെതിരേ മുസ്്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ വിമര്‍ശിച്ചവര്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചും സഭാ വിശ്വാസികള്‍ കോടതി വിധിക്കെതിരേ കോതമംഗലത്ത് നടത്തിയ മാര്‍ച്ചും ഹര്‍ത്താലും അറിഞ്ഞഭാവം പോലുമില്ല.
ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍(പിഎഫ്പിഎ) ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഹയര്‍ പെന്‍ഷന്‍ സംബന്ധിച്ച കേസ് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പ്രസ്താവം നടത്താത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദനെയായിരുന്നു ഹൈക്കോടതി മാര്‍ച്ചിന്റെ ഉദ്ഘാടകനായി നിശ്ചിയിച്ചിരുന്നത്.അദ്ദേഹം പാര്‍ട്ടിയുടെ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതാക്കളടക്കം പാര്‍ട്ടി പ്രതിനിധികളെല്ലാം മാര്‍ച്ചിന് ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. ഹാദിയ വിഷയത്തില്‍ മുസ്്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജനാധിപത്യ വിരുദ്ധമാണെന്ന് വാദിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ തന്നെയാണ് പിഎഫ്പിഎ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്.
കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുവാറ്റുപുഴ കോടതി ഒരു വിധികല്‍പിച്ചു. കോടതി വിധിയെ വെല്ലുവിളിച്ച് കോതമംഗലം നഗരത്തില്‍ നൂറ് കണക്കിനാളുകള്‍ പ്രകടനം നടത്തി. കോടതി വിധിക്കെതിരെ ഹര്‍ത്താലും സംഘടിപ്പിച്ചു. ഈ സംഭവത്തിലും പോലിസും സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിച്ചില്ല.
അതേസമയം, അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും മുസ്്‌ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പാതിരാത്രിയിലും വീടുകള്‍ കയറി പോലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മാര്‍ച്ച് ഭീകര സംഭവമായി അവതരിപ്പിച്ച് മാധ്യമങ്ങളും വലിയ രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. ഒരു വര്‍ഷം മുന്‍പ് നടന്ന മുസ്്‌ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ പോലിസ് നായാട്ടും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. അതേസമയം, പിഎഫ്പിഎ നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ ഒരാളെ പോലും പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതി നടപ്പാക്കുന്ന വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരേ വ്യക്തമായ വിവേചനം നിലനില്‍ക്കുന്നുവെന്ന് ആരോപണം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മാര്‍ച്ചിന്റെ കാര്യത്തിലുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്.

RELATED STORIES

Share it
Top