ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതെ നടപടിയെടുത്ത ജഡ്ജിക്ക് താക്കീത്കൊച്ചി: ജീവനാംശം തേടിയുള്ള കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു പരിഗണിക്കാതെ നടപടിയെടുത്ത എറണാകുളം കുടുംബകോടതി ജഡ്ജിക്ക് താക്കീത്. എറണാകുളം എളമക്കര സ്വദേശി സി എ ദീജുവിന്റെ കേസിലാണ് എറണാകുളം കുടുംബകോടതി ജഡ്ജി ബി വിജയനെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് താക്കീത് ചെയ്തത്. ഹരജിക്കാരന്‍ ഭാര്യക്ക് പ്രതിമാസം 15,000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരേ ദീജു നല്‍കിയ ഹരജിയില്‍ 2,60,000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധനയോടെ കുടുംബകോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു ഗഡുക്കളായി 1.80 ലക്ഷം രൂപ കെട്ടിവച്ചു. പിന്നീട് ഹരജിക്കാരന്റെ അപേക്ഷയില്‍ ശേഷിച്ച 80,000 രൂപ കെട്ടിവെക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നു മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. ഇക്കാര്യം ഫെബ്രുവരി 28നു കേസ് പരിഗണിച്ച കുടുംബകോടതിയില്‍ ദീജു അറിയിച്ചെങ്കിലും ഇതു വകവെക്കാതെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റ് വാറന്റ് തടയണമെന്നാവശ്യപ്പെട്ട് ദീജു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ബെഞ്ച് കുടുംബകോടതി ജഡ്ജിയോട് വിശദീകരണം തേടി. ജഡ്ജി രണ്ട് വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും രണ്ടും തൃപ്തികരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

RELATED STORIES

Share it
Top