ഹൈക്കോടതി അനുമതിയനുസരിച്ച് വെടിക്കെട്ട് നടക്കും

നെന്മാറ: കാര്‍ഷിക സംസ്‌കാരത്തിന്റെ പാരമ്പര്യം വിളിച്ചോതി  നെന്മാറ വല്ലങ്ങി വേല ഇന്നാഘോഷിക്കും. ഗ്രാമീണത്തനിമ നിലനിര്‍ത്തി ആചാരച്ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കി നടക്കുന്ന ആഘോഷത്തില്‍ ദേശ മക്കള്‍ ഒത്തുചേരും. നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, അയിലൂര്‍, തിരുവഴിയാട് ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെല്ലിയാമ്പതിയുടെ താഴ്‌വാരം ഇന്ന് ജനസാഗരമാകും.
തലയെടുപ്പുള്ള ആനകളുടെ എഴുന്നള്ളത്ത്, മികച്ച വാദ്യകലാകാരന്മാരുടെ നേതൃത്വത്തിലുള്ള മേളം, പഞ്ചവാദ്യം, ബഹുനില ആനപ്പന്തലുകള്‍, കുടമാറ്റം എന്നിവ വേലപ്രേമികള്‍ക്ക് ആവേശം പകരും. നെന്മാറ ദേശത്തിന്റെ ചടങ്ങുകള്‍ പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. വരിയോ ല വായനയെ  തുടര്‍ന്ന് പറയെടുപ്പ് നടക്കും.
11.30 ന് കോലം കയറ്റും.കുനിശ്ശേരി ചന്ദ്രന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം തുടങ്ങുന്നതോടെ പകല്‍വേല ആരംഭിക്കും.പുതുപ്പള്ളി കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റും.
പോത്തുണ്ടി പാതയില്‍ ഒരുക്കിയ പന്തലില്‍ എഴുന്നള്ളത്ത് നാലു മണിയോടെ എത്തും. പന്തലിനു താഴെ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം നടക്കും. തുടര്‍ന്ന് കാവുകയറി പ്രദക്ഷണത്തിനു ശേഷം വെടിക്കെട്ട് നടക്കും.
വല്ലങ്ങിദേശത്ത്  തിടമ്പുപൂജ, ഈ ടുവെടി, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്കു ശേഷം പഞ്ചവാദ്യം നടക്കും.കുട്ടന്‍കുളങ്ങര അര്‍ജുനന്‍ ഭഗവതിയുടെ തിടമ്പേറ്റും. നാലു മണിയോടെ പന്തലില്‍ എഴുന്നള്ളത്ത് എത്തും.  എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി കാവിറങ്ങുന്നതോടെ വെടിക്കെട്ട് നടക്കും. രാത്രി ഇരു ദേശത്തും തായമ്പകയും ബുധനാഴ്ച പുലര്‍ച്ചെ എഴുന്നള്ളത്തുമുണ്ടാകും.

RELATED STORIES

Share it
Top