ഹൈക്കോടതിയിലും ഹരജി; കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പ്രതിരോധത്തില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം നിയമക്കുരുക്കിലേക്ക് നീങ്ങിയതോടെ ഡോ. കെ മുഹമ്മദ് ബഷീര്‍ പ്രതിരോധത്തിലായി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ കൂടി സമീപിച്ചതോടെയാണ് വൈസ് ചാന്‍സലര്‍ പ്രതിരോധത്തിലായത്.
വിഷയത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ലീഗ് താല്‍പര്യപ്രകാരം ഡോ. കെ മുഹമ്മദ് ബഷീറിനെ നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രഫസറായി 10 വര്‍ഷത്തെ പ്രവൃത്തിപരിചയം നി ര്‍ബന്ധമാണെന്ന് ഹൈക്കോടതി സെബാസ്റ്റ്യന്‍ കേസില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അധ്യാപക സംഘടന വിസിക്കെതിരേ നീക്കം തുടങ്ങിയത്. കൂടാതെ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതിലുള്ള അപാകതയും വിസി നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച പാനലില്‍ ഒരാളുടെ പേര് മാത്രമായതും ചോദ്യം ചെയ്യപ്പെടും.
അതേസമയം, ഡോ. കെ മുഹമ്മദ് ബഷീര്‍ അരീക്കോട് സുല്ലമുസ്സലാം കോളജില്‍ എട്ടു വര്‍ഷം പ്രിന്‍സിപ്പലായും കേരള സര്‍വകലാശാലയില്‍ 29 മാസം രജിസ്ട്രാറായും സേവനം ചെയ്തിട്ടുണ്ട്. ഇത് രണ്ടും പ്രഫസര്‍ പദവിക്ക് തുല്യമാണെന്നും ഇതിനാലാണ് വിസി സ്ഥാനത്തേക്ക് പരിഗണിക്കാനിടയാക്കിയതെന്നുമാണ് മറുവാദം.

RELATED STORIES

Share it
Top