ഹേമ ഉപാധ്യായ വധം: മുഖ്യപ്രതിയെ പിടികൂടാന്‍ തീവ്രശ്രമം

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായയുടെയും അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയുടെയും വധവുമായി ബന്ധപ്പെട്ട കേസി ല്‍ മുഖ്യപ്രതിയായ വിദ്യാദറിനു വേണ്ടിയുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഹേമയുടെയും ഭംഭാനിയുടെയും മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കുത്തിനിറച്ച നിലയില്‍ മുംബൈ നഗരപ്രാന്തത്തിലെ കാന്‍ഡിവാലിയിലെ അഴുക്കുചാലില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഹേമയ്ക്ക് ഫൈബര്‍ഗ്ലാസ് നിര്‍മിച്ചുനല്‍കിയിരുന്ന ആസാദ് രാജ്ഭര്‍, പ്രദീപ് രാജ്ഭര്‍, വിജയ് രാജ്ഭര്‍ എന്നിവരെ ഞായറാഴ്ച പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനുശേഷം ഇന്നലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഡിസംബര്‍ 19 വരെ കോടതി റിമാന്‍ഡ് ചെയ്തു. അതിനിടെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ യുപി പ്രത്യേക ദൗത്യസംഘം കസ്റ്റഡിയിലെടുത്ത ശിവകുമാര്‍ രാജ്ഭര്‍ എന്ന സാധുവിനെ തീവണ്ടിമാര്‍ഗം മുംബൈയില്‍ കൊണ്ടുവന്നു. വിദ്യാദറിന്റെ നിര്‍ദേശമനുസരിച്ചാണ് രണ്ടുപേരെയും വധിച്ചതെന്ന് സാധു വെളിപ്പെടുത്തി. രാസവസ്തുവില്‍ മുക്കിയ ടവ്വല്‍ ഉപയോഗിച്ചാണ് രണ്ടുപേരെയും വധിച്ചതെന്നും സാധു പറഞ്ഞു.
വിദ്യയുടെ അറസ്റ്റോടെ വധത്തിനു പിന്നിലുള്ള കാര്യങ്ങള്‍ പുറത്താവുമെന്നാണ് പോലിസ് കരുതുന്നത്. കൊലപാതകത്തിനു പിന്നില്‍ ഹേമയും വിദ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ഹേമയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ചിന്തന്‍ വാടകക്കൊലയാളികള്‍ മുഖേന നടപ്പാക്കിയതാണോ വധമെന്നും അന്വേഷിക്കുന്നുണ്ട്. കാന്‍ഡിവാലിയിലെ ഷംസി ഹൗസിങ് സൊസൈറ്റിയിലാണ് വിദ്യ താമസിച്ചിരുന്നത്. അയാള്‍ ഒളിച്ചുതാമസിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലിസ് തിരച്ചില്‍ നടത്തി. വിദ്യയെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോലിസ് സംഘങ്ങളെ അയച്ചിട്ടുണ്ട്. വിദ്യയുടെ ഉടമസ്ഥതയിലുള്ള കാന്‍ഡിവാലിയിലെ വെയര്‍ഹൗസ് പോലിസ് മുദ്രവച്ചു, ഇവിടെ വച്ചാണ് മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കിയതെന്നാണു സംശയിക്കുന്നത്.
കൊല നടക്കുന്നതിനു മുമ്പ് ശനിയാഴ്ച രാത്രി 7.30ന് വിദ്യ മൊബൈലില്‍ ഹേമയെ വിളിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top