ഹെവി ലൈസന്‍സുള്ള മറ്റു ജീവനക്കാര്‍ക്കും ഇനിമുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവറാവാം

തിരുവനന്തപുരം: ഹെവി ലൈസന്‍സും ബാഡ്ജുമുള്ള കെഎസ്ആര്‍ടിസിയിലെ മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഡ്രൈവര്‍മാരാവാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ഡ്രൈവര്‍മാരില്ലാത്തതു കാരണം ബസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ഈ നടപടി.
ബസ് ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജുമുള്ള മറ്റുവിഭാഗം ജീവനക്കാരില്‍ താല്‍പര്യമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ യൂനിറ്റ് മേധാവികള്‍ക്ക് എംഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കി. ജീവനക്കാരില്ലാത്തതു കാരണം ദിവസം 200 ബസ്സുകളാണ് മുടങ്ങുന്നത്. 16,000 ഡ്രൈവര്‍മാരുണ്ടെങ്കിലും ക്രമീകരണത്തിലെ അപാകത കാരണം ബസ്സുകള്‍ മുടങ്ങുന്ന അവസ്ഥയാണ്.
സ്ഥാപനം മൂന്നു മേഖലകളായി തിരിക്കണമെന്ന പ്രഫ. സുശീല്‍ ഖന്നയുടെ നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചു വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ നിലവിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ (ടെക്നിക്കല്‍) എം ടി സുകുമാരനെ നിയോഗിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് അദ്ദേഹത്തിന്റെ ഓഫിസും മാറ്റിയിട്ടുണ്ട്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കുക, ഭൂമിയുടെ വ്യാവസായിക ഉപയോഗം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ അധിക ചുമതലകളും നല്‍കിയിട്ടുണ്ട്.
ടെക്നിക്കല്‍ ഡയറക്ടറുടെ നിലവിലെ ചുമതലകള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജി പി പ്രദീപ് കുമാറിന് നല്‍കി. ബസ് കോച്ച് നിര്‍മാണം, വര്‍ക്ഷോപ്പുകളുടെ നവീകരണം എന്നിവ സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top