ഹെല്‍സിങ്കി ഉച്ചകോടിനല്ല തുടക്കം: ഡോണള്‍ഡ് ട്രംപ്‌

ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സി—ങ്കിയില്‍ കൂടിക്കാഴ്ച നടത്തി. നമ്മെ ഒരുമിച്ചു കാണാനാണ് ലോകം ആഗ്രഹിക്കുന്നതെന്നു ട്രംപ് പറഞ്ഞു. അടച്ചിട്ട മുറിയില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഇരു നേതാക്കളും സംയുക്തമായി മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഭംഗിയായി നടത്തിയതില്‍ പുടിനെ ട്രംപ് അഭിനന്ദിച്ചു. വ്യാപാരം, സൈനികം, മിസൈല്‍, അണ്വായുധം, ചൈന തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നു ട്രംപ് അറിയിച്ചു. ഇത് ഒരു നല്ല തുടക്കമായാണ് താന്‍ കരുതുന്നതെന്നും  ഉച്ചകോടിക്കു മുന്നോടിയായി ട്രംപ് അറിയിച്ചു.
റഷ്യയുമായി മെച്ചപ്പെട്ട ബന്ധമാണ്  ആഗ്രഹിക്കുന്നതെന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. റഷ്യയുമായി ഒരുമിച്ച് മുന്നോട്ടു നീങ്ങുന്നത് നല്ല കാര്യമാണെന്നും മോശം കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ രാഷ്ട്രീയ ക്കാര്‍ ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങള്‍ ചര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ഉച്ചകോടിക്കു മുമ്പ് ട്രംപ് ആരോപിച്ചിരുന്നു. 2014ല്‍ റഷ്യ ക്രൈമിയ പിടിച്ചടക്കിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
യുഎസ് തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഡിമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ 12 റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് പുടിനുമായുള്ള ചര്‍ച്ചയില്‍ നിന്നു ട്രംപ് പിന്‍മാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
നാറ്റോ സഖ്യം ശക്തിപ്പെടുകയോ ഏകീകരിക്കുകയോ ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിന്‍ലന്‍ഡിലെത്തിയ ട്രംപ് പ്രസിഡന്റ് സോലി നൈനിസ്‌റ്റൊയുമായുള്ള പ്രഭാത കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ സഖ്യകക്ഷികള്‍  പ്രതിരോധത്തിന് നീതിയുക്തമായ വിഹിതം നല്‍കാന്‍ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ യുഎസിന്റെ ഏറ്റവും വലിയ ശത്രുവാണെന്നു സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ചൈനയും റഷ്യയും ഒരേസമയം ശത്രുക്കളും എതിരാളികളുമാണ്. യുഎസിന്റെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വ്യാപാര  രംഗത്ത് യുഎസിന്റെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂനിയനാണെന്നും ട്രംപ് പറഞ്ഞു. വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളൊന്നും യുഎസിന് ഗുണകരമാവുന്നതായിരുന്നില്ല. അത് അംഗീകരിക്കാനാവുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top